ന്യൂഡൽഹി: കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികൾ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ. കേരളത്തിലെ എംപിമാരും എംഎൽഎമാരും പ്രതികളായ 333 കേസുകൾ നിലവിലുണ്ടെന്നുമാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 310 കേസുകളിൽ സിറ്റിങ് എംപിമാരും എംഎൽഎമാരും ആണ് പ്രതികൾ. 23 കേസുകളിൽ മുൻ എംപിമാരും എംഎൽഎമാരും ആണ് പ്രതികൾ. 15 കേസുകളുടെ വിചാരണ കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ഈ ജനപ്രതിനിധികൾ പ്രതിയായ 1992 ലും 97 ലേയും രണ്ട് ക്രിമിനൽ കേസുകളിൽ വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ കേസുകളിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജനപ്രതിനിധി ഉൾപ്പെട്ട, ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന 2009 ലെ കേസിൽ ഇത് വരെയും പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
കേരളത്തിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട മറ്റ് നൂറോളം കേസുകളിൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല. ഇതിൽ ചില കേസുകൾ 2012ലും 2013ലും രജിസ്റ്റർ ചെയ്തതാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്താകമാനം എംപിമാരും എംഎൽഎമാരും പ്രതികളായ 4442 കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ ഉണ്ടെന്നും അമിക്കസ് ക്യുറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 2556 കേസുകളിൽ നിലവിൽ ജനപ്രതിനിധികൾ ആയവർ ആണ് പ്രതികൾ. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന 413 കേസുകൾ ഉള്ളതിൽ നിലവിൽ ജനപ്രതിനിധികൾ പ്രതികൾ ആണ്.
ഇതിനിടെ, ഹീനമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപെടുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപെടുത്തുന്നതിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാടും സുപ്രീംകോടതി ആരാഞ്ഞു. ആറാഴ്ചത്തെ സമയമാണ് കേന്ദ്ര സർക്കാരിന് നിലപാട് അറിയിക്കാൻ കോടതി അനുവദിച്ചിരിക്കുന്നത്.
Discussion about this post