ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി ആലപ്പുഴ. 16 വര്‍ഷത്തിന് ശേഷമാണ് കിഴക്കിന്റെ വെനീസെന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ആലപ്പുഴയിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ഇത്തവണ കലോത്സവം ആഘോഷിക്കുന്നത്. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ തെളിയിക്കുന്നത് .
സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ വലിയ വേദികളോ ഒന്നും തന്നെയില്ലാതെയാണ് കലോത്സവം നടക്കുന്നത്. 29 വേദികളില്‍ പ്രധാനവേദിയുള്‍പ്പടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്. വലിയ ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ ചടങ്ങ് പ്രധാനവേദിയില്‍ രാവിലെ പതിനൊന്ന് മണിയോടെ നടന്നു.
ഡിപിഐ കെ മോഹന്‍കുമാര്‍ ഐഎഎസ്സും, ആലപ്പുഴ കളക്ടര്‍ സുഹാസും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ആര്‍ഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയില്‍.
29 വേദികളുടേയും പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആലപ്പുഴ ജില്ലക്കാരുടെ സാഹിത്യ രചനകളാണ് വേദികളുടെ പേര്. കലോത്സവ കലണ്ടര്‍ പുറത്തിറക്കി, ഇഎംഎസ് സ്റ്റേഡിയത്തില്‍ പാചകം ചെയ്യുന്ന ഭക്ഷണം നാലു കേന്ദ്രങ്ങളില്‍ ബുഫേ മാതൃകയില്‍ വിതരണം ചെയ്യും. അമ്പലപ്പുഴ പാല്‍പ്പായസമാണ് അവസാന ദിവസത്തെ ആകര്‍ഷണം.
12 സ്‌കൂളുകളിലായാണ് താമസസൗകര്യം. സഹായത്തിനായി പ്രാദേശിക സമിതികളും വിദ്യാര്‍ത്ഥികളുടെ സൗഹൃദസേനകളും സുരക്ഷയ്ക്കായി പോലീസുമുണ്ടാകും. ഗതാഗതത്തിന് 18 സ്‌കൂള്‍ ബസ്സുകള്‍ ക്രമീകരിക്കും.