തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍, തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ പറഞ്ഞു. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ തന്റെ അഭിപ്രായവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മൂന്ന് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.
എങ്കിലും കൊവിഡ് വ്യാപന പശ്ചാത്തലവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യം കണക്കിലെടുത്ത് ഇതിന്റെ തീയതിയില്‍ അല്‍പ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാനാകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്.