ലണ്ടന്‍: ആകാശത്തിലെ താരമായി ഭൂമിയിലെ മാലാഖ. വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങള്‍ കാണിച്ച 65 കാരിയുടെ ജീവന്‍ രക്ഷിച്ചാണ് മലയാളി നഴ്‌സ് ആകാശത്തിലെ താരമായി മാറിയത്. ലണ്ടനില്‍ നഴ്‌സായ കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് വയോധികയ്ക്ക് തുണയായത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയില്‍ നിന്നു ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഷിന്റു. വിമാനം പറന്നുയര്‍ന്ന് 4 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നേരത്തെ ഹൃദയ സ്തംഭനം വന്നിട്ടുള്ള പഞ്ചാബ് സ്വദേശിയായ വയോധികയ്ക്ക് വീണ്ടും ലക്ഷണങ്ങള്‍ കാണിച്ചത്.
യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടെങ്കില്‍ സഹായിക്കണമെന്ന് ഫ്‌ളൈറ്റ് ക്രൂ അഭ്യര്‍ഥിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പോലും മടിച്ചു നിന്നപ്പോള്‍ ഷിന്റു മുന്നോട്ടു വരികയായിരുന്നു. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താതെ ഡല്‍ഹിയില്‍ തന്നെ ഇറക്കുന്നതിന് ഷിന്റുവിന്റെ പ്രവൃത്തി മൂലം സാധിച്ചു.
വിമാനജീവനക്കാര്‍ ഒന്നടങ്കം ഷിന്റുവിന് നന്ദിയറിയിച്ചു. ബുധനാഴ്ച നാട്ടിലെത്തിയ ഇവര്‍ ക്വാറന്റീനിലാണ്. വയോധികയുടെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് ആദരംനല്‍കാന്‍ കാത്തിരിക്കുകയാണ് ലണ്ടനിലെ മലയാളികള്‍.
Discussion about this post