കോട്ടയം: ഗര്‍ഭിണിയായ മിണ്ടാപ്രാണി എരുമയോട് കൊടും ക്രൂരത. എട്ട് മാസത്തോളം ഗര്‍ഭിണിയായ എരുമയുടെ മേല്‍ ടാര്‍ ഒഴിച്ച് കണ്ണില്ലാത്ത കൊടും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. കുമരകം റോഡില്‍ രണ്ടാം കലുങ്കിന് സമീപത്തെ വട്ടത്തുരുത്തിലാണ് സംഭവം.
ഷിബു എന്നയാളാണ് എരുമയെ വട്ടത്തുരുത്തില് കെട്ടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മാറ്റി കെട്ടാനായി എത്തിയപ്പോഴാണ് ടാറില്‍ കുളിച്ചുനില്ക്കുന്ന എരുമയെ കണ്ടത്. റോഡ് അരികില്‍ കെട്ടിയിരുന്ന എരുമയുടെ തലമുതല്‍ വാലുവരെ സാമൂഹ്യ വിരദ്ധര്‍ ആരോ ടാര്‍ ഒഴുക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് എരുമയുടെ മേല്‍ ടാര്‍ ഒഴിച്ചതെന്ന് കരുതുന്നു. കണ്ണില്‍ ഉള്‍പ്പെടെ ടാര്‍ നിറഞ്ഞ് നിസാഹായ അവസ്ഥയില്‍ ആയിരുന്നു ഈ മിണ്ടാപ്രാണി. മണിക്കൂറുകളോളം നീറി പുകഞ്ഞ് എരുമയ്ക്ക് നില്‍ക്കേണ്ടി വന്നു.ചുറ്റും ആര്‍ക്കുന്ന ഈച്ചയെയും ചെറു പ്രാണികളെ പോലും ആട്ടിപായിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു എരുമ.
എരുമയുടെ പുറത്ത് പുല്ലും വള്ളിപ്പടര്‍പ്പും ഒട്ടിപിടിച്ച നിലയില്‍ കണ്ടെത്തിയതോടെ ഷിബു വിവരം നാട്ടുകാരില്‍ ചിലരെ അറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ടാറെന്ന് തിരിച്ചറിഞ്ഞത്. സോപ്പ് ഉപയോഗിച്ച് ടാര്‍ കഴുകികളയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post