തിരുവനന്തപുരം: കൊവിഡ് മാറി തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വെയ്ക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതിന് പിന്നാലെയാണ് സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് മാറ്റാൻ കൊവിഡിനെ ആയുധമാക്കുകയാണെന്നും അൺലോക്ക് ആരംഭിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റേണ്ട ആവശ്യമെന്താണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് മാറ്റേണ്ടത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ആവശ്യമാണ്. അവർ പരസ്പരം ധാരണയിലെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത സർവ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷത്തിനും തമ്മിലടിയും മറ്റും കൊണ്ട് സമാന അവസ്ഥയിലാണ്. അതാണ് അവർ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്ത് വന്നത്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് ബിജെപി ആദ്യം മുതൽ തന്നെ പറഞ്ഞതാണ്. എന്നാൽ അതിന്റെ മറവിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും മാറ്റേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും എത്താനാണ് സാധ്യതയെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.