തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഈ മാസം 15 വരെ നീട്ടി. കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഈ മാസം റേഷന്‍ വിഹിതം ഏതെങ്കിലും വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ഉള്ളത് സ്റ്റോക്ക് ഇല്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും കടമെടുത്തു നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനായി ഇപോസ് മെഷീനില്‍ ഇന്നലെ മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഈ വ്യവസ്ഥ നിര്‍ത്തിവെച്ചിരുന്നത് കാര്‍ഡ് ഉടമകളെ പ്രയാസത്തിലാക്കിയിരുന്നു. ഈ മാസം മുന്‍ഗണനേതര വിഭാഗം നീലകാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും രണ്ടു കിലോ അരി കിലോയ്ക്ക് നാലുരൂപ നിരക്കില്‍ ലഭിക്കും.
വെള്ള കാര്‍ഡിലെ ഓരോ അംഗത്തിനും മൂന്നുകിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല കേന്ദ്രപദ്ധതി പ്രകാരം സൗജന്യമായി ഈ മാസവും നല്‍കും. കഴിഞ്ഞമാസം ഇതു ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്ത് രണ്ടു കിലോ നല്‍കും.
ഈ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് സെപ്തംബര്‍ പകുതിയോടെ വിതരണം ചെയ്ത് തുടങ്ങും. എട്ടിനം സാധനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യകിറ്റിലുള്ളത്. ഭക്ഷ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക.
ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ ഇവയാണ്. ഒരോ കിലോ വീതം പഞ്ചസാരയും ഉപ്പും, ഗോതമ്പുപൊടിയും. 750 ഗ്രാം വീതം ചെറുപയറും കടലയും, അരലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം സാമ്പാര്‍ പരിപ്പ്. ഏതെങ്കിലും സാധനങ്ങള്‍ ലഭ്യമല്ലാതെ വന്നാല്‍ പകരം തുല്യമായ തുകയ്ക്കുള്ള സാധനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നിര്‍ദേശം നല്കി. കിറ്റിലേക്ക് വാങ്ങുന്ന സാധനങ്ങളും കിറ്റുകളുടെ പായ്ക്കിങ് പുരോഗതിയും ഓരോദിവസവും ഭക്ഷ്യവകുപ്പിനെ അറിയിക്കണം. ഓരോ ഡിപ്പോയിലും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്വാളിറ്റി കണ്ട്രോള് ഓഫീസറെ ചുമതലപ്പെടുത്തണം.
ഓരോ പായ്ക്കിങ് യൂണിറ്റിലും ദിവസേന പായ്ക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം, പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം, അവര്‍ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ റജിസ്റ്ററില്‍ രേഖപ്പെടുത്തണം. കിറ്റിന്റെ ചെലവുകള്‍ കൃത്യമായി സര്‍ക്കാരില്‍ അറിയിക്കണം. ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധന കര്‍ശനമാക്കണമെന്ന് സപ്ലൈകോ എം.ഡി എല്ലാ ഡിപ്പോ മാനേജര്‍മാരോടും ആവശ്യപ്പെട്ടു.
Discussion about this post