കോട്ടയം: മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. ”മുഖ്യമന്ത്രി ആരാവും എന്നതിനെപ്പറ്റി യുഡിഎഫില്‍ തര്‍ക്കമൊന്നും ഉണ്ടാവില്ല. എന്നാല്‍ അത് ആരാണ് എന്ന് ഇപ്പോള്‍ പറയാനാവില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുക. അര്‍ഹതപ്പെട്ട ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്.”- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റിലും വെറുതെ ജയിക്കാന്‍ മാത്രമല്ല, വന്‍ ഭൂരിപക്ഷം നേടാനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും അത് മുന്നണിയുടെ ആത്മവിശ്വാസം കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
‘പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടേത് മികച്ച പ്രവര്‍ത്തനമാണ്. അദ്ദേഹം ഉന്നയിച്ച ഒരു വിഷയത്തിനു പോലും ജനപിന്തുണ ലഭിക്കാതിരുന്നിട്ടില്ല. അദ്ദേഹവും മുഖ്യമന്ത്രിപദത്തിന് അര്‍ഹനാണ്. എന്നാല്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്- ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
ജോസ് കെ മാണി വിഭാഗം വിട്ടുപോവുന്നത് യുഡിഎഫിനെ ബാധിക്കില്ല. അവര് തമ്മിലുള്ള പ്രശ്‌നം തീര്ക്കാന് യുഡിഎഫ് നേതൃത്വം ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ധാരണ ലംഘിച്ചു പ്രവര്‍ത്തിച്ചത് ജോസ് കെ മാണിയാണ്. എന്നിട്ടും ഇപ്പോഴും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ല.
എന്നാല്‍ കെഎം മാണിയെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം വേട്ടയാടിയവരുമായി ചേരാന്‍ ജോസ് കെ മാണി തീരുമാനിക്കുകയായിരുന്നു. മാണിയുടെ ആത്മാവ് അതിനോടു പൊറുക്കില്ല. ജോസ് ചെയ്തതു തെറ്റായിരുന്നുവെന്ന് ചരിത്രം തെളിയിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post