തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് സ്റ്റീഫൻ ദേവസ്സിയോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ക്വാറന്റൈനിലായതിനാൽ സ്റ്റീഫൻ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്.
സ്റ്റീഫൻ ദേവസ്സിയോട് ഏറ്റവും അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം ഓഫീസിലെത്താനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ക്വാറന്റൈനിലായതിനാൽ സാവകാശം വേണമെന്നാണ് സ്റ്റീഫൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ഹാജരാവാനാണ് ഉദ്ദേശമെന്നാണ് സൂചന. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫൻ ദേവസ്സി കാണാൻ എത്തിയിരുന്നു. അന്ന് ഇവർ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിക്കുന്നത്.
അതേസമയം, സ്റ്റീഫൻ ദേവസ്സിക്കെതിരേ ബന്ധുക്കളിൽ ചിലർ മൊഴിയും നൽകിയിട്ടുണ്ടെന്നാണ് സൂചന. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം പൂർത്തീകരിച്ചാൽ അടുത്ത ഘട്ടത്തിൽ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിലേക്ക് സിബിഐ കടക്കും. സ്റ്റീഫൻ ദേവസ്സിയുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഒന്നിച്ച് സംഗീത നിശകളും ഇരുവരും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post