കരുനാഗപ്പള്ളി: വാമദേവന്റെ ചെറിയ പഴക്കടയുടെ തണലില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത് എട്ട് യുവാക്കള്‍. വാമദേവന്റെ മകനും നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരുമാണ് പഴക്കടയിലിരുന്ന് പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. കരുനാഗപ്പള്ളി മാര്ക്കറ്റ് റോഡില്‍ ആലുംമുക്കിന് സമീപത്തായാണ് വാമദേവന്റെ കുഞ്ഞുപഴക്കട.
വാമദേവന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മകന്‍ ബൈജു കടയില്‍ അച്ഛനെ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട ബൈജു കടയിലെ ജോലിക്കിടയില്‍ പഠനവും തുടങ്ങി. കോച്ചിങ്ങിന് പോകാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ ഒരു ഗൈഡ് വാങ്ങി കടയില്ത്തന്നെയായിരുന്നു പഠനം.
അതിനിടെയാണ് കടയില്‍ പഴം വാങ്ങാനെത്തിയ ഓട്ടോ ഡ്രൈവറായ മഹേഷ് ഇതു ശ്രദ്ധിച്ചത്. തന്നെയും കൂടെക്കൂട്ടാമോ എന്ന് മഹേഷ് ബൈജുവിനോട് ചോദിച്ചു. ഒന്നിച്ചു പഠിക്കാമെന്ന് ബൈജു പറഞ്ഞതോടെ പ്ലസ് ടു വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന മഹേഷ് ഒരു ബള്ബും വയറുമായി അന്ന് വൈകീട്ട് കടയിലെത്തി.
പഴക്കുലകള്‍ സൂക്ഷിക്കുന്ന ചെറിയ മുറിയില്‍ ബള്‍ബ് പ്രകാശിപ്പിച്ചു. ഓട്ടോ നേരത്തേ ഒതുക്കി മഹേഷും ബിജുവിനൊപ്പം പഠനം തുടങ്ങി. പിന്നീട് പലപ്പോഴായി ആറ് ചെറുപ്പക്കാര്‍കൂടി അവര്‍ക്കൊപ്പം ചേര്‍ന്നു. ആരും വലിയ വിദ്യാഭ്യാസം ഉള്ളവരായിരുന്നില്ല.
നിത്യവൃത്തിക്കായി വിവിധ തൊഴിലുകള്‍ ചെയ്യുന്നവരായിരുന്നു. പലരും തമ്മില്‍ നേരത്തേ പരിചയവും ഉണ്ടായിരുന്നില്ല. കടയില്‍ പഴം വാങ്ങാനെത്തിയവരായിരുന്നു മിക്കവരും. രാത്രി ഏറെ വൈകിയും കടയ്ക്കുള്ളിലെ വെളിച്ചം കണ്ട് കാര്യം തിരക്കിയെത്തിയവരും അവരിലുണ്ടായിരുന്നു.
ചാക്കുകള്‍ക്കും തക്കാളിപ്പെട്ടികള്‍ക്കും മുകളിലിരുന്നായിരുന്നു അവരുടെ പഠനം. സംശയങ്ങള്‍ പരസ്പരം ദൂരീകരിച്ചു. ഒചുവില്‍ കഠിനപ്രയത്‌നത്തിന് ഫലം കണ്ടു. ബൈജുവിന് ഇറിഗേഷന്‍ വകുപ്പില്‍ ലാസ്‌കറായി ജോലി കിട്ടി. മറ്റ് 15 റാങ്ക് ലിസ്റ്റുകളിലും ഇടംപിടിച്ചു.
മഹേഷ് ഫയര്‍ ഫോഴ്‌സില്‍ ഡ്രൈവറായി. മറ്റ് രണ്ട് ലിസ്റ്റിലുമുണ്ട്. രാജേഷ് തിരുവല്ലയില്‍ എല്‍.ഡി.സി.യായി. ഏഴു ലിസ്റ്റുകളിലും പേരുണ്ട്. രഞ്ജിത്തിന് റെയില്‍വേയിലാണ് ജോലി. അഞ്ച് റാങ്ക് ലിസ്റ്റിലും ഉണ്ട്. രജിത്ത് പത്തനംതിട്ടയില്‍ എല്‍.ജി.എസ്. ആയി ജോലിയില്‍ പ്രവേശിച്ചു. മറ്റ് രണ്ട് ലിസ്റ്റില്ക്കൂടി ഇടംപിടിച്ചു.
രാജേഷ് ആര്. പ്രിസണ് ഓഫീസറായി. കൂടാതെ 12 റാങ്ക് ലിസ്റ്റിലുമുണ്ട്. ബേബി ഷൈന്‍ കരുനാഗപ്പള്ളി നഗരസഭയില്‍ നിയമനം കിട്ടി. നാല് ലിസ്റ്റുകള്‍ വേറെയുമുണ്ട്. കൃഷ്ണകുമാര്‍ കോട്ടയത്ത് എല്‍.ജി.എസായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് ലിസ്റ്റുകളിലുമുണ്ട്.
കടയിലിരുന്ന് പഠിച്ച എട്ടുപേര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ വാമദേവനാണ് ഏറ്റവുമധികം സന്തോഷിക്കുന്നത്. കടയ്ക്കുള്ളിലെ തീപ്പൊരി പഠനം കേട്ട് വാമദേവനും പല ഉത്തരങ്ങളും മനഃപാഠമായി. ഒരു ദിവസം ആരെങ്കിലും എത്താതിരുന്നാല്‍ വാമദേവന്‍ കാര്യമന്വേഷിക്കും. ഒരു രക്ഷാകര്‍ത്താവിനെപ്പോലെ ശകാരിക്കുകയും ചെയ്തു. എന്നാല്‍ കട പുതുക്കിപ്പണിയുന്നതിനാല്‍ ആ പഠനമുറി ഇപ്പോഴില്ല.
Discussion about this post