എംസി കമറുദ്ദീന്റെ തട്ടിപ്പ് ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉന്നതതല അന്വേഷണം വേണം: സിപിഎം

തിരുവനന്തപുരം: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ നടത്തിയ നിക്ഷേപത്തട്ടിപ്പ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം സെക്രട്ടറിയേറ്റ്. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് സർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു. ലീഗ് നേതൃത്വത്തിന്റെ പ്രസ്താവന കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്തു തന്നെ പരാതികൾ ഉയർന്നുവന്നിരുന്നു. ലീഗ് നേതൃത്വത്തിൽ സമ്മർദം കാരണമാണ് അന്ന് പരാതികൾ വരാതിരുന്നതെന്നു സിപിഎം സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കാൻ ലീഗ് നേതൃത്വം ശ്രമിക്കുന്നെന്ന ആരോപണം ഉയർന്നതോടെയാണ് നടപടി കർശനമാക്കണമെന്ന് സർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, നിക്ഷേപത്തട്ടിപ്പിൽ നിക്ഷേപകർക്ക് ആറുമാസത്തിനകം പണം തിരിച്ച് നൽകണമെന്ന് മുസ്‌ലിം ലീഗ് നേതൃയോഗം കമറുദ്ദീനോട് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തെ തള്ളാൻ തയാറാകാത്ത പാർട്ടി നേതൃത്വം ബാധ്യതകളുടെ വിശദവിവരം കമറുദീൻ പാർട്ടിക്ക് കൈമാറണമെന്നും ആസ്തികളുടെ വിവരവും ഈ മാസം മുപ്പതിനകം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

Exit mobile version