കോഴിക്കോട്: 20000ത്തിന് മേലെ വിലയുള്ള വളര്‍ത്ത് പൂച്ചയെ പൊള്ളലേല്‍പ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. താമരശേരി കോരങ്ങാട് റഹ്മത്ത് മസ്ജിദിന് സമീപം താമസിക്കുന്ന അബൂബക്കര്‍ സിദ്ദീഖിന്റെ പൂച്ചയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നാം തീയതിയാണ് പൂച്ചയെ കാണാതായത്. പല വഴിക്ക് അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്താന്‍ സിദ്ദിഖിന് കഴിഞ്ഞിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ സിദ്ദീഖിന്റെ അയല്‍വാസിയുടെ വീടിന് സമീപത്തായി പൂച്ചയെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് ദേഹത്തും വായിലും പുഴുവരിച്ച നിലയിലായിരുന്നു പൂച്ച. അയല്‍വാസി രാവിലെ തന്നെ പൂച്ചയെ സിദ്ദീഖിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടനെ തന്നെ വയനാട് പൂക്കോട് വൈറ്റനറി കോളേജില്‍ എത്തിച്ച് പൂച്ചയ്ക്ക് ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ ചാവുകയും ചെയ്തു.
തിളച്ച വെള്ളമോ, രാസലായനിയോ ദേഹത്ത് ഒഴിച്ചതിനാലാവാം ഈ രൂപത്തില്‍ പൊള്ളലേറ്റതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് സിദ്ദീഖ്, താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങളേയും പരിപാലിക്കുന്നത് വിനോദമാക്കിയ അബൂബക്കര്‍ സിദ്ദീഖിന് ഇവയുടെ വില്‍പ്പനയുമുണ്ട്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആരോ മനഃപൂര്‍വ്വം ചെയ്തതാണിതെന്ന് സിദ്ദീഖ് പറഞ്ഞു.