കുറ്റിപ്പുറം: കൊവിഡ് പോസിറ്റീവായ തനിക്കും ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന് സർക്കാർ നൽകിയ മികവുറ്റ സംരക്ഷണത്തെ കുറിച്ചും ശുശ്രൂഷയെ കുറിച്ചും തുറന്നെഴുതി യുവാവ്. കൊവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നതോടെ നേരിട്ട് സമ്പർക്കം പുലർത്തിയ കുടുംബത്തോടൊപ്പം കുറ്റിപ്പുറത്ത് തന്നെയുള്ള കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും ജില്ലാ കൊവിഡ് സെന്ററിലെ പേരറിയാത്ത ഉദ്യോഗസ്ഥന്റെ നിർദേശം മാനിച്ചാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകാൻ തീരുമാനിച്ചതെന്നും റാഷിദ് എടപ്പാൾ എന്ന ഈ ബാങ്ക് ജീവനക്കാരൻ പറയുന്നു. സർക്കാർ കൊവിഡ് ആശുപത്രിയിലേക്ക് മാറുന്നതിനെ സംബന്ധിച്ച് ഉയർന്ന എല്ലാ ആശങ്കകളും കാറ്റിൽ പറത്തുന്നതായിരുന്നു അവിടെ എത്തിയതു മുതലുള്ള നിമിഷങ്ങളെന്ന് റാഷിദ് പറയുന്നു.
നെഗറ്റീവായി തിരിച്ചെത്തുന്നതുവരെ ലഭിച്ച പരിചരണവും ഭക്ഷണവും താമസ സൗകര്യവും യാത്രാ സൗകര്യവും എല്ലാം സൗജന്യമായിരുന്നെന്നും സർക്കാരിന്റെ അതിഥികളായാണ് ഇത്രദിവസം കഴിഞ്ഞതെന്നും അഞ്ച് പൈസയുടെ ചിലവില്ലാതെ കോവിഡ് ചികിത്സ കുടുംബം പൂർത്തികരിച്ചിരിക്കുന്നെന്നും അഭിമാനപൂർവ്വം അനുഭവം പങ്കുവെക്കുകയാണ് റാഷിദ്.
റാഷിദ് എടപ്പാളിന്റെ ഫേസ്ബുക്ക് കുറിപ്പ്:
‘നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഒരുപരിധിവരെ 8 വയസായ കുട്ടിക്കും എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പറയാൻ കഴിയും നിങ്ങളുടെ 5 മാസം മാത്രം പ്രായമായ കുട്ടി പ്രയാസങ്ങൾ എങ്ങിനെ പറയും…… ? അതിനാൽ റിസ്‌ക് എടുക്കരുത് മഞ്ചേരിയിലേക്ക് വരണം…..’ മലപ്പുറം ജില്ലാ കോവിഡ് സെന്ററിലെ പേരറിയാത്ത ആ മനുഷ്യന്റെ വാക്കുകളാണ് കുറ്റിപ്പുറം CFLTC എന്ന നിരുപദ്രവകരമായ വാശിയിൽ നിന്ന് മാറി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കോവിഡ് ബാധിതരായ ഞാനും കുടുംബവും ആഗസ്ത് 27 ന് എത്തപ്പെടുന്നത് .
അടുത്ത ബന്ധു കോവിഡ് പോസിറ്റിവ് ആണെന്നുള്ള വിവരമറിയുന്നത് ആഗസ്ത് 22 വൈകീട്ട് 5 മണിക്കാണ് ആ മണിക്കൂർ മുതൽ സ്വയം ക്വാറന്റൈനിൽ ….. ആഗസ്ത് 15 മുതൽ അടുത്ത സമ്പർക്കമുള്ള എല്ലാവരെയും വിവരമറിയിച്ചു. കാലടി ഹെൽത്ത് സെന്ററിൽ വാർഡിന്റെ ചുമതലയുള്ള JHI മണിലാലിനെയും ബന്ധപ്പെട്ടു. സർക്കാരിന്റെ കരുതലിന്റെ ദിനങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. …
ടെസ്റ്റ് എടുക്കാൻ താമസിക്കുന്നു എന്ന തോന്നൽ വന്ന ഘട്ടത്തിൽ എന്തുകൊണ്ട് വൈകുന്നു എന്ന് കൃത്യമായി പറഞ്ഞ മനസിലാക്കി 25 നു പൊന്നാനി ടിബി ആശുപത്രിയിൽ ടെസ്റ്റിന്റെ സമയം തന്ന പൊന്നാനിയിലെ മെഡിക്കൽ ഓഫിസർ …ഈ ദിവസങ്ങളിലെല്ലാം പനിയുണ്ടോ ചുമയുണ്ടോ തൊണ്ടവേദനയുണ്ടോ എന്ന വിശദമായ അന്വഷണം കാലടി ഹെൽത്ത് സെന്ററിലേറെ വിവിധ ജീവനക്കാർ നടത്തി കൊണ്ടിരുന്നു.
ടെസ്റ്റ് റിസൾട് പോസിറ്റിവായി വീടിനടുത്ത് കുറ്റിപ്പുറത്തുള്ള CFLTC പോകാം എന്ന മാനസിക തയ്യാറെടുപ്പിൽ ഇരിക്കുമ്പോഴാണ് മുകളിൽ പറഞ്ഞ ഫോൺകോൾ… ok പറഞ്ഞു അര മണിക്കൂറിനകം വാഹനം ആംബുലൻസ് തന്നെ വീടിനു മുറ്റത്തെത്തി. നല്ല ആശങ്കയുണ്ടായിരുന്നു എന്താവും അവിടെത്തെ സ്ഥിതി എന്നോർത്ത് ……
രജിസ്‌ട്രേഷൻ സ്ഥലത്ത് ഒരുപാട് പേർ എല്ലാ തരക്കാരും ഉണ്ട് …, കുട്ടികൾ മുതൽ ഏറെ പ്രായമായർ വരെ. നല്ല ആരോഗ്യമുള്ളവർ സ്ഥിര രോഗികൾ ഗർഭണികൾ ……… ഓരോരുത്തരെയും അവരുടെ ആരോഗ്യ പരിഗണന അനുസരിച്ച് മെഡിക്കൽ കോളേജിലേക്കും ജില്ലയിലെ വിവിധങ്ങളായ CFLTC കളിലേക്കും മാറ്റികൊണ്ടിരിക്കുന്നു പുതിയ രോഗികൾ വന്നുകൊണ്ടിരിക്കുന്നു …. ഒരോ ആളുകൾക്കും സ്ഥലം കണ്ടെത്തുവാൻ വളരെ ക്ലേശകരമായാണ് അവിടത്തെ ജീവനക്കാർ ശ്രമം നടത്തുന്നത്. ഒരു പക്ഷേ രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവരുടെ തെരെഞ്ഞെടുപ്പിന്റെ ബുദ്ധിമുട്ടും വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
നാല് പേർക്ക് ഒരുമിച്ച് സ്‌പെയ്‌സ് കിട്ടാൻ പ്രയാസമായതിനാൽ റൂം കിട്ടാൻ ഇത്തിരി താമസം നേരിട്ടു . റൂമിൽ എത്തിയ ഉടനെ രാത്രീ ഭക്ഷണം …. അടുത്ത ദിവസം പ്രഭാതം മുതൽ എല്ലാ ആശങ്കകളും വെറുതെയായിരുന്നു എന്ന് ബോധ്യപ്പെട്ട ദിനങ്ങളായിരുന്നു .
രാവിലെ 6.30 നു പ്രഭാത ഭക്ഷണം ഡോറിലെത്തും
8 മണിക്ക് കുട്ടികളുടെ ഡോക്ടർ
10 മണി ക്കുള്ളിൽ മുതിർന്നവരുടെ ഡോക്ടർ
10.30 നല്ല നാടൻ പൊടിയരി കഞ്ഞി
12.30 ന് ഉച്ച ഭക്ഷണം
4.30 ന് ചായയും സ്‌നാക്‌സും
വൈകീട്ട് 6.30 നു രാത്രി ഭക്ഷണം
സമയാ സമയം ചൂട് വെള്ളം ബോട്ടിൽ വെള്ളം യഥേഷ്ടം
ഓരോ ഭക്ഷണത്തിന്റ ഇടവേളകളിലും PPE കിറ്റ് ധരിച്ച് ഫുഡ് വേസ്റ്റും പ്ലാസ്റ്റിക്ക് വേസ്റ്റും ക്‌ളീൻ ചെയ്യാൻ ക്‌ളീനിംഗ് സ്റ്റാഫ് .
ഇതിനിടയിലും ആരോഗ്യ സ്ഥിതി അന്വഷിച്ച് സിസ്റ്റർമാരുടെ ഫോൺ വിളികൾ …
സെപ്തമ്പർ 4 നായിരുന്നു വീണ്ടും ടെസ്റ്റ് എല്ലാവരുടെയും റിസൾട് നെഗറ്റിവായി….. ഡിസ്ചാർജ് നിർദേശങ്ങൾക്കൊപ്പം ആശുപത്രിയിൽ നിന്നും നാലുപേർക്കും ഒരാഴ്ചത്തേക്കുള്ള മെഡിസിൻ…… അവർതന്നെ ഏർപ്പാടാക്കിയ വാഹനത്തിൽ രാത്രിയോടെ 14 ദിവസ ക്വാറന്റൈന് വീട്ടിലേക്ക് …. വീടെത്തി എത്രയാ വാടക എന്ന ചോദ്യത്തിനു ” അയ്യോ …. അതൊക്കെ മഞ്ചേരിയിൽ നിന്നും കിട്ടും” എന്ന ഉത്തരം കേട്ടപ്പോഴാണ് ആഗസ്‌റ് 27 ഉച്ചക്ക് 2 മണി മുതൽ സെപ്തമ്പർ 5 പുലർച്ച 2 മണി വരെയുള്ള ഈ സമയമത്രയും സർക്കാരിന്റെ അതിഥികളായിരുന്നു ഞങ്ങളെന്ന ചിന്ത മനസിലേക്ക് വന്നത് …… അഞ്ച് പൈസയുടെ ചിലവില്ലാതെ കോവിഡ് ചികിത്സ ഞങ്ങൾ പൂർത്തികരിച്ചിരിക്കുന്നു !!
നന്ദി ……
അത് ആദ്യത്തേതും അവസാനത്തേതും ഈ സർക്കാരിനോട് തന്നെ ….
മുഖമറിയാത്ത പേരറിയാത്ത PPE കിറ്റ് ധാരികളായ മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ ….
മഞ്ചേരിയിലെ ആവശ്യങ്ങൾക് വിളിപ്പുറത്ത് സഹായായി നിന്ന സഖാവ് Kiran K …..
ഷിബുലാൽ സാർ….. ഡോക്ടർ ഷിഹാസ്….
തിരക്കുകൾക്കിടയിലും ക്ഷേമാന്വേഷണം നടത്തിയ മന്ത്രി കെ ടി ജലീൽ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർ ….
തിരൂർ അർബൻ ബാങ്കിലെ സഹപ്രവർത്തകരും ഭരണസമിതിയും ……
കട്ടക്ക് കൂടെ നിന്ന കുടുംബക്കാരും ചങ്ക് ചെങ്ങായിമാരും …..
……… നന്ദി …..
NB :വീട്ടു തടങ്കൽ കഴിഞ്ഞിട്ട് വേണം എനിക്കായി കരുതിയ നാക്കിലയിൽ എല്ലാ വിഭവങ്ങളോടും കൂടി പ്രിയപ്പെട്ടവർ ഒരുക്കിയ ഓണസദ്യ മുൻകാല പ്രാബല്യത്തോടെ കഴിക്കാൻ …….
ഞങ്ങളിൽ നിന്ന് ആർക്കും കോവിഡ് പകർന്നില്ല എന്ന ചാരിതാർത്ഥ്യത്തോടെ .