നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അഞ്ച് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം കണ്ണൂരിലേക്കും തമിഴ്നാട്ടിലേക്കും. ചൊവ്വാഴ്ച അഞ്ച് കിലോയോളം കഞ്ചാവുമായി പിടിയിലായ ചാവക്കാട് സ്വദേശി സജീർ അഹമ്മദിനെ കഞ്ചാവ് കടത്തൽ സംഘം കുരുക്കുകയായിരുന്നു എന്നാണ് വിവരം. സജീറിന് ഷാർജയിൽ ജോലി വാഗ്ദാനം ചെയ്ത് വിസയും വിമാന ടിക്കറ്റും ഏർപ്പാടാക്കിയത് കണ്ണൂർ സ്വദേശിയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. തുടർന്നാണ് അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
ഗൾഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി ജോലി വാഗ്ദാനം ചെയ്ത് കഞ്ചാവ് കടത്തലിന് ഉപയോഗിക്കുകയാണ് ഈ സംഘത്തിന്റെ രീതി. ഇതിനായി തമിഴ്നാട്ടിൽനിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ചിപ്സാണെന്ന് പറഞ്ഞ് നാല് പൊതി കഞ്ചാവും വിസയും വിമാന ടിക്കറ്റും സജീറിന് ചാവക്കാട് എത്തിച്ചു നൽകുകയായിരുന്നു.
സജീർ പിടിയിലായതിന് പിന്നാലെ തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ചു നൽകിയ ആളെയും കണ്ണൂർ സ്വദേശിയെയും പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബാഗിൽ കഞ്ചാവുണ്ടായിരുന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും ചിപ്സാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സജീർ നൽകിയ മൊഴി അന്വേഷണ സംഘം പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. സജീറിന്റെ ഫോൺ കോളുകൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സജീർ മുമ്പ് രണ്ട് ദിവസത്തേക്ക് മാത്രമായി ഗൾഫിൽ പോയിട്ടുണ്ട്. ഈ യാത്ര സംബന്ധിച്ചും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് സംശയമുണ്ട്.
സജീർ 15 വർഷത്തോളം മലേഷ്യയിലായിരുന്നു. ബുധനാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കിയ സജീറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ചു നൽകിയ ആളെയും കണ്ണൂർ സ്വദേശിയെയും പിടികിട്ടിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി സജീറിനെ കസ്റ്റഡിയിൽ വാങ്ങും.
Discussion about this post