തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന വാദം വിചിത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുളള നീക്കത്തെ പിന്തുണയ്ക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കൊവിഡ് എപ്പോള്‍ കുറയുമെന്നോ വീണ്ടും രോഗവ്യാപനം കൂടുമെന്നോ പറയാനാവില്ലെന്നും തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫിലും യുഡിഎഫിലും അഭിപ്രായം ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നാളെ ചേരുന്ന സര്‍വ്വ കക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തെരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന.
നിയമസഭയ്ക്ക് ആറ് മാസം മാത്രം കാലാവധിയുള്ളു എന്നതിനാലും, കൊവിഡ് വ്യാപന പശ്ചാത്തലത്തിലും കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതേ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണം. അതിനാല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കാം എന്നായിരുന്നു പ്രതിപക്ഷ നിലപാട്. ഈ സാഹചര്യത്തില്‍ യുഡിഎഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാമെന്ന ആലോചനയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ നാളത്തെ സര്‍വകക്ഷി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇതിന് നിയമസാധുത ഉണ്ടാകുമോ അതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും പരിഗണിക്കും.
Discussion about this post