പട്ടാമ്പി: കേരളക്കരയെ ഒന്നടങ്കം നടുക്കിയ വിമാനപകടമായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചത്. 19ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്. നല്ലവരായ നാട്ടകാരുടെ ഇടപെടല്‍മൂലം നിരവധി പേര്‍ക്ക് ചെറിയ പരിക്കുകളോടെ ജീവന് തിരിച്ചുകിട്ടി.
അപകടത്തില്‍പ്പെട്ടവര്‍ ചിലര്‍ പരിക്കുകള്‍ ഭേദമായി ആശുപത്രി വിട്ടു. വിമാനാപകടത്തിന്റെ നടുക്കത്തില്‍ നിന്നു മുക്തനായി പുതിയ ജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കുകയാണ് പട്ടാമ്പി മുതുതല സ്വദേശി പരമേശ്വരന് അഴകത്ത്. നാളെയാണ് പരമേശ്വറിന്റെ വിവാഹം.
തൃശൂര്‍ ഒല്ലൂക്കര സ്വദേശിനി ശിശിര വാസുദേവാണ് പരമേശ്വറിന്റെ വധു. മേയ് 24നാണ് ദുബായില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലി ചെയ്യുന്ന പരമേശ്വരന്റെയും ശിശിരയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം യാത്ര മുടങ്ങിയതോടെ സെപ്റ്റംബര്‍ 10 ലേക്കു മാറ്റി.
എന്നാല്‍, കല്യാണത്തിനായി നാട്ടിലേക്കു വരവേ ഓഗസ്റ്റ് 7നു കരിപ്പൂര്‍ വിമാനാപകടത്തില്‍ പരമേശ്വരനും ഏട്ടന് രവിശങ്കര്‍, ഭാര്യ താര രവിശങ്കര്‍, മകള്‍ അയന രവിശങ്കര്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഒരു തവണ നീട്ടിവച്ച കല്യാണം വീണ്ടും മാറ്റേണ്ടെന്നു രണ്ടു വീട്ടുകാരും തീരുമാനിച്ചതോടെ പട്ടാമ്പിയിലെ വീട്ടില്‍ കതിര്‍മണ്ഡപമൊരുങ്ങി.
കല്യാണം ആദ്യം തൃശ്ശൂരില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ഏട്ടന് രവിശങ്കറിനു യാത്ര ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ പട്ടാമ്പിയിലെ വീട്ടില്‍ത്തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പരമേശ്വറിന് ഇനി ശിശിരയുടെ കൈപിടിച്ചുള്ള ജീവിതത്തിന്റെ പുതിയ യാത്ര.
Discussion about this post