ശബരിമലയിലെ അന്നദാനത്തില്‍ നിന്നും ആര്‍എസ്എസിനെ വിലക്കുമോയെന്ന് ചെന്നിത്തല; അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി; കുമ്മനത്തിന്റെ പാര്‍ട്ടി സഹായം നല്‍കിയാലും സ്വീകരിക്കും

സന്നിധാനത്ത് അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും പലസംഘടനകളും സഹായം നല്‍കാറുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായുള്ള അന്നദാനം നടത്തുന്നതില്‍ നിന്നും ആര്‍എസ്എസ് സംഘടനയെ സര്‍ക്കാര്‍ വിലക്കുമോ എന്ന് ആരാഞ്ഞ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും പലസംഘടനകളും സഹായം നല്‍കാറുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

‘ഒരു സംഘടനയുടേയും നേതൃത്വത്തിലല്ല ശബരിമലയില്‍ അന്നദാനം നടത്തുന്നത്. പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. അന്നദാനത്തിനായുള്ള വസ്തുവകകളും ധനസഹായവും എല്ലാ തരത്തിലുള്ള സംഘടനകളും നല്‍കാറുണ്ട്. അന്നദാനത്തിന് കുമ്മനത്തിന്റെ പാര്‍ട്ടി സഹായം തന്നാലും സ്വീകരിക്കും’- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് കടകംപള്ളി പറഞ്ഞു.

കൂടാതെ, തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രമാണെന്നും അവര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുമതിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി പറയുന്നുണ്ട്. പാരമ്പര്യമായി വരുന്നവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്രതന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും. ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് അവര്‍ വിധേയരാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ നടയടക്കുമെന്ന പ്രസ്താവനയില്‍ തന്ത്രിയുടെ വിശദീകരണം ദേവസ്വം ബോര്‍ഡ് പരിശോധിച്ചു വരികയാണ്. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. അതിനനുസരിച്ചാണ് വിശദീകരണം തേടിയതെന്നും മന്ത്രി പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Exit mobile version