കുറ്റ്യാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്; മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി വേളത്ത് മുസ്ലിം ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മുതിര്‍ന്ന നേതാവുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുതിര്‍ന്ന ലീഗ് നേതാവായ വലകെട്ടിലെ എടി അഹമ്മദ് ഹാജി (55), സഹോദരന്‍ എടി സലാം (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായ പരിക്കുകളോടെ ഇവരെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി 8.20ന് മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി എംഎ കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തില്‍ കാക്കുനിയിലെ നൂറോളം വരുന്ന യൂത്ത്‌ലീഗുകാര്‍ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി തന്നെയും അനുജന്‍ സലാമിനെയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ അഹമ്മദ് ഹാജി പറയുന്നു.

വേളം പഞ്ചായത്ത് പ്രസിഡന്റ് വികെ അബ്ദുള്ളക്കെതിരെ ലീഗില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. സംസ്ഥാന കമ്മറ്റി നിര്‍ദേശ പ്രകാരം അവധിയില്‍പോയ വികെ അബ്ദുള്ള കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയപ്പോള്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെങ്കിലും ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം അരങ്ങേറിയതെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version