കൊല്ലം: ഒരു കാലത്ത് ഹരിദാസന് നായര്‍ എന്നു പറഞ്ഞാല്‍ മതി ജനം ഓടിയെത്തും. എന്തും ഏതാവശ്യത്തിനും ഓടിയെത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകമായ ഹരിദാസനെ ഏവര്‍ക്കും പ്രിയം തന്നെയായിരുന്നു. പക്ഷേ ഇന്ന് ആ പ്രവര്‍ത്തകന്റെ കുടുംബത്തിന്റെ ദയനീയതയാണ് പുറത്ത് വരുന്നത്. കാര്‍ പോര്‍ച്ച് ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഉള്ള വീട്. പക്ഷേ ഇന്ന് കാടുംപടലും കയറി പ്രേതാലയത്തിന് സമമായി മാറുകയാണ്. ഈ വലിയ വീട്ടില്‍ മാനസിക നില തെറ്റിയ മൂന്നു പേരും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്. ഇവര്‍ക്ക് തുണയായി മാധുരിയും.
‘ഈ വീട്ടില്‍ ആര്‍ക്കും പ്രവേശനമില്ല’ എന്നതുള്‍പ്പെടെ, ചായം തേച്ച ചുവരിലാകെ കരിക്കട്ട കൊണ്ട് പലതും കോറിയിട്ടിരിക്കുന്നു. കുടുംബത്തിലെ ആറു പേരെ ഒഴിച്ച് ഒരാളെ കണ്ടാല്‍ വീടിന് കാവലാളായ നായ കുരച്ചു ചാടും. ഇവര്‍ക്കൊപ്പം ഓരോ ദിവസവും തള്ളിനീക്കാന്‍ മാധുരിക്കു കൂട്ട് കഴിഞ്ഞുപോയ നല്ല ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണുള്ളത്. ആരും ഇപ്പോള്‍ അവിടേയ്ക്ക് പോകാറില്ലെങ്കിലും, രാമന്‍കുളങ്ങരയിലെ ‘ഹരിപുരം’ ഇപ്പോള്‍ നാട്ടുകാര്‍ക്കൊരു നൊമ്പരക്കാഴ്ചയാണ്.
ഹരിദാസന് നായരുടെ നിര്യാണമാണ് ഇവരുടെ കുടുംബത്തിന്റെ താളം തെറ്റിത്. ഇതോടെ ഹരിദാസന് നായരുടെ ഭാര്യ രാജമ്മയമ്മയുടെയും ഇളയമകള്‍ ആശയുടെയും മാനസികനില പൂര്‍ണമായും തകര്‍ന്നു. മൂത്ത മകളാണ് മാധുരി. രാജമ്മയമ്മയും ആശയും ആശയുടെ എട്ടാം ക്ലാസുകാരനായ മകനും മാധുരിയുടെ മകനുമടങ്ങുന്ന ആറംഗ കുടുംബം ജോലിയൊന്നുമില്ലാത്ത മാധുരിയുടെ സംരക്ഷണത്തിലാണ് വര്‍ഷങ്ങളായി കഴിഞ്ഞുപോകുന്നത്. രാജമ്മയമ്മയ്ക്ക് മറ്റൊരു മകന് കൂടിയുണ്ട്. മാനസികനില തകരാറിലായ ഇയാളെ സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അമ്മയുടെയും സഹോദരിയുടെയും ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മാധുരിയുടെ ചുമലിലാണ്. പ്രശ്നങ്ങള്‍ക്കിടയില്‍ പത്താം ക്ലാസ് കഴിഞ്ഞ മകന്റെ പഠനവും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.
അച്ഛന് ഹരിദാസന് നായരുടെ മരണത്തോടെയാണ് ജീവിതം ഇത്രകണ്ട് കയ്പേറിയതായതെന്ന് മാധുരി പറയുന്നു. ആഹ്ളാദകരമായിരുന്നു ബാല്യകാലം. തുടര്‍ന്ന് ദുരിതങ്ങള്‍ ഓരോന്നായി വേട്ടയാടി. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഗര്‍ഭിണിയായിരുന്ന സമയത്ത് മാനസികപ്രശ്നങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണ് സഹോദരി ആശയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ‘അച്ഛന്റെ സമയത്ത് പലര്‍ക്കും പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പലരും കബളിപ്പിച്ചു,’ അവര്‍ പറഞ്ഞു. നല്ല ചികിത്സ കിട്ടിയാല്‍ കുടുംബം രക്ഷപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Discussion about this post