ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജാതി വിവേചനം ഉള്ള ബാര്‍ബര്‍ ഷോപ്പ് പഞ്ചായത്ത് അടപ്പിച്ചു. പൊതു ബാര്‍ബര്‍ ഷോപ്പ് തുറക്കാനും തീരുമാനമായി.
വട്ടവടയില്‍ കാലങ്ങളായി ജാതിവിവേചനം നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ എത്തുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിതര്‍ക്ക് സേവനം നല്‍കരുതെന്നാണ് ഇവിടുത്തെ അലിഖിതമായ നിയമം. പ്രദേശത്തെ ചക്ലിയ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇതിന്റെ ഇരകള്‍. എന്നാല്‍ സമീപ ദിവസങ്ങളിലാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ദലിത് വിഭാഗത്തില്‍ പെട്ടവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന് ബാര്‍ബര്‍ ഷോപ്പുടമകള്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമായി.
തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ച് ജാതി വിവേചനത്തിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാര്‍ബര്‍ ഷോപ്പ് വേണമെന്നും ആവശ്യം ഉയര്‍ന്നു. സംഭവം വിവാദമായതോടെ
വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു. തുടര്‍ന്ന് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതി ഇടപെട്ട് വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവദിക്കുമെന്നും ധാരണയായി. പൊതു ബാര്‍ബര്‍ ഷാപ്പിന്റെ പ്രവര്‍ത്തനം നാലു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് സോമപ്രസാദ് എംപി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരാണ് വിവേചനം ഏറെയും അനുഭവിച്ചിരുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് 45 കിലോമീറ്റര്‍ വരെ ദൂരെ പോയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാര്‍ മുടിവെട്ടിയിരുന്നത്. വട്ടവടയില്‍ ചക്ലിയ സമുദായത്തിലുള്ള 270 കുടുംബങ്ങളുണ്ട്. ബാക്കിയുള്ളവര്‍ മന്നാഡിയാര്‍, മറവര്‍, തേവര്‍, ചെട്ടിയാര്‍ സമുദായങ്ങളില്‍പ്പെട്ടവരാണ്. മുടിവെട്ടാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമാണ് പ്രദേശത്തുണ്ടായിരുന്നത്.
Discussion about this post