തിരുവനന്തപുരം: സ്ത്രീത്വത്തെയും ഡിവൈഎഫ്‌ഐയേയും അപമാനിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. രമേശ് ചെന്നിത്തല വഷളത്തരം പറഞ്ഞാല്‍ ഉടഞ്ഞു പോകുന്നതല്ല ഡിവൈഎഫ്‌ഐ യുടെ മഹത്വമെന്ന് റഹീം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം. രമേശ് ചെന്നിത്തലയുടെ പ്രതികരണം ഡിവൈഎഫ്‌ഐ യെ അല്ല, കേരളത്തിലെ സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണെന്ന് റഹീം വ്യക്തമാക്കി. എത്ര നെഗറ്റീവ് ആയ പരാമര്‍ശം ആണ് ഇദ്ദേഹം ഓരോ ദിവസവും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഡിവൈഎഫ്‌ഐ ക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന്
എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?
വഷളന്‍ ചിരിയുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവ് കേരളത്തോടെ പറഞ്ഞതാണ് ഈ വാക്കുകള്‍.
‘പീഡിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് അവകാശമുണ്ട്”എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകള്‍. .
മാത്രവുമല്ല,
ഈ പ്രതികരണത്തിലൂടെ, പീഡനം
നടത്തിയ പ്രതിയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം അദ്ദേഹം ശരി വയ്ക്കുകയാണ് ചെയ്തത്.
ഒരു യുവതി പീഡിപ്പിക്കപ്പെട്ട സംഭവം. അതിലെ പ്രതി കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യൂണിയന്‍ അംഗം ആണ്. ഇതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആധാരം. അതിന് അദ്ദേഹം പറഞ്ഞ മറുപടി എത്രമേല്‍ സ്ത്രീ വിരുദ്ധമാണ്. പീഡനത്തെ ലളിത വല്‍ക്കരിക്കുകയാണ് അദ്ദേഹം.
ശക്തമായ പ്രതിഷേധം ഈ സ്ത്രീ വിരുദ്ധ പ്രതികരണത്തിനെതിരെ ഉയരണം.
പറയുന്നത് പ്രതിപക്ഷ നേതാവാണ്.
എത്ര നെഗറ്റീവ് ആയ പരാമര്‍ശം ആണ് ഇദ്ദേഹം ഓരോ ദിവസവും ആവര്‍ത്തിക്കുന്നത്. മറ്റുള്ളവരൊക്കെ പീഡിപ്പിക്കുന്നു അതുകൊണ്ട് ഞങ്ങള്‍ക്കും ആകാം എന്ന് ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരുന്ന് പറയുകയാണ് അദ്ദേഹം
ഡിവൈഎഫ്‌ഐ യെ അദ്ദേഹം പരാമര്‍ശിച്ചതിനെ സംബന്ധിച്ച്::
രമേശ് ചെന്നിത്തല വഷളത്തരം പറഞ്ഞാല്‍ ഉടഞ്ഞു പോകുന്നതല്ല ഡിവൈഎഫ്‌ഐ യുടെ മഹത്വം. ത്യാഗ നിര്‍ഭരതയുടെ അടയാളമാണ് ചുവന്ന നക്ഷത്രവും ചുവന്ന അക്ഷരങ്ങളും പതിഞ്ഞ ഈ വെള്ളക്കൊടി.
കോണ്‍ഗ്രസ്സ് കൊന്നു തള്ളിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഖബറുകളിലെ മണ്ണിന്റെ നനവ് ഇപ്പോഴും
വിട്ടു മാറിയിട്ടില്ല.ഉറ്റവരുടെ കണ്ണുകള്‍ തോര്‍ന്നിട്ടില്ല. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊന്നു തള്ളിയിട്ടും പകയടങ്ങാതെ ആ രണ്ട് ചെറുപ്പക്കാരെ തുടര്‍ച്ചയായി വ്യക്തി ഹത്യ നടത്താന്‍ ഉപയോഗിച്ച അതേ നാവില്‍ നിന്നും ഇതിനേക്കാള്‍ ദുര്‍ഗന്ധമുള്ള പ്രതികരണങ്ങള്‍ മാത്രമേ ഇനിയും കേരളം പ്രതീക്ഷിക്കുന്നുള്ളൂ.കൊലയാളികളെപ്പോലെ ക്രൂരമായാണ് താങ്കളും സഹപ്രവര്‍ത്തകരും ആ കുടുംബത്തോട് പെരുമാറിയത്.
ഇന്നത്തെ, താങ്കളുടെ പ്രതികരണം
ഡിവൈഎഫ്‌ഐ യെ അല്ല,
കേരളത്തിലെ സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണ്.
പീഡിപ്പിച്ച പ്രതിയേക്കാള്‍, താങ്കള്‍ തരം താഴരുത്. ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്. ഉണ്ണുന്നത്, ഉറങ്ങുന്നത്, ജനങ്ങളുടെ ചിലവിലാണ്. ഓര്‍മ്മ വേണം.
Discussion about this post