തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെ അധിക്ഷേപിക്കുന്ന വിധത്തില്‍ ജാതി-മത പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്. വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന വനിതാ നേതാവാണ് ശശികല. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന് തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ വിശാലമായ താല്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് തയാറാകണമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നു സര്‍ക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ 10000 കണക്കിന് സ്ത്രീകള്‍ മല കയറിയേനെ. അത് ആര്‍ക്കും തടയാനും ആകില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post