ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ വീണ്ടും അഴിച്ചുപണി. രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കൂടുതൽ പേരുകൾ വെട്ടാനാണ് തീരുമാനം. പുന്നപ്ര വയലാർ രക്തസാക്ഷികളുൾപ്പടെയുള്ളവരുടെ പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. വാഗൺ ട്രാജഡി ഇരകളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളുള്ള അഞ്ചാം വാല്യം ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വെട്ടിമാറ്റലുകൾ ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസറ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നിർദേശം സമർപ്പിച്ചിരിക്കുന്നത്. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ 46 പേരുടെയും, കാവുമ്പായി സമരവുമായി ബന്ധപ്പെട്ട കുമാരൻ പുള്ളുവൻ, കുഞ്ഞിരാമൻ പുളുക്കൽ, കരിവെള്ളൂരിൽ വെടിവെയ്പിൽ കൊല്ലപ്പെട്ട 16കാരൻ കീനേരി കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്.
ഐസിഎച്ച്ആർ അംഗമായ സിഐ ഐസക് നാല് വർഷം മുമ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇവർ നയിച്ച സമരങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നാണ് സിഐ ഐസകിന്റെ വാദം. സംഘപരിവാർ സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഉപാധ്യക്ഷൻ കൂടിയാണ് സിഐ ഐസക്.
1857 മുതൽ 1947 വരെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാർ കലാപത്തിലെ പോരാളികളുടെ പേര് ഉൾപ്പെടുത്തിയത് കേരളത്തിലെ സംഘപരിവാർ വലിയ വിവാദമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റിൽനിന്ന് നീക്കിയത്. ഡിക്ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് 2018ൽ പുറത്തിറക്കിയത്.
Discussion about this post