സന്നിധാനം: ഭക്തര്‍ക്ക് കണ്ണിന് കൗതുകമായി അയ്യപ്പ ദര്‍ശനത്തിനെത്തിയ പച്ച നിറമുള്ള ഓന്ത്. ശുഭപ്രതീക്ഷയുടെ അടയാളമായാണ് പലരും ഇതിനെ കണ്ടത്. സ്വാമിമാരുടെ ശരണം വിളി കേള്‍ക്കാന്‍ ആഴിക്ക് സമീപം മുടങ്ങാതെയെത്തുന്നുവെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സാധാരണഗതിയില്‍ ആള്‍ പെരുമാറ്റം ഉണ്ടായാല്‍ നിറം മാറുന്നവരാണ് ഇക്കൂട്ടര്‍ എന്നാല്‍ താന്‍ ആ ഗണത്തില്‍ പെട്ട ആളല്ല എന്നമട്ടില്‍ തല ഉയര്‍ത്തി പിടിച്ച് ഭക്തര്‍ക്കിടയിലേക്ക് നീങ്ങി.
നേരത്തെ പട്ടി, പാമ്പ് ഉള്‍പ്പടെ നിരവധി പേര്‍ അയ്യനെ കാണാന്‍ എത്തിയിരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ പേടി മാറ്റി നിര്‍ത്തി ഭക്തര്‍ ഇവരെ സ്വാഗതം ചെയ്തിരുന്നു. ചിലര്‍ മൊബൈല്‍ ക്യാമറയില്‍ കൗതുക കാഴ്ച പകര്‍ത്തി. ഇവിടെ താരമായ ഒന്തിന് ഒരു ഭാവവ്യത്യാസവുമില്ല. പാലമായി മാറിയ വടിയിലൂടെ നീങ്ങി വഴിയില്‍ വീണു. എന്നിട്ടും ആരും വിട്ട് മാറാന്‍ ഒരുക്കമല്ല. ആളൊഴിഞ്ഞ നേരം പതിനെട്ടാം പടിയോട് ചേര്‍ന്നെത്തിയ ഈ പച്ച വേഷക്കാരന്‍ ചെറുതായൊന്നുമല്ല കൗതുകം നിറച്ചത്.ഒരു മണിക്കൂറിലധികം നീണ്ടതിന് പിന്നാലെ ഞാന്‍ തളര്‍ന്നെന്ന മട്ടില്‍ ഇരുപ്പുറപ്പിച്ചു.