തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്, ചവറ സീറ്റുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ ഷിബു ബേബി ജോണ്‍ പ്രചരണം തുടങ്ങിയിരുന്നു. ബേബി ജോണിന്റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പില്‍ ആര്‍എസ്പി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പ്രതികരിച്ചു.യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. കുട്ടനാട്ടില്‍ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. കഴിഞ്ഞ തവണയും കുട്ടനാട്ടില്‍ മത്സരിച്ചത് ജേക്കബ് എബ്രഹാം തന്നെയായിരുന്നു.
അതേസമയം കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തിന് എതിരെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് കുട്ടനാട്ടില്‍ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന പൊതു വികാരത്തിനൊപ്പം മുന്നണിയോഗം നില്‍ക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്.
Discussion about this post