തൃശ്ശൂർ:സോഷ്യൽമീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ഫ്രീക്കൻ വാഹനത്തിന് എട്ടിന്റെ പണിയുമായി ി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നിയമങ്ങൾ ലംഘിച്ച് വാഹനം മോടി പിടിപ്പിച്ചതിനാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇസുസുവിന്റെ ഡിമാക്സ് വിക്രോസ് വാഹനമാണ് മോടി പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരത്തിലായ KL 17 R 80 എന്ന നമ്പറിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ താത്കാലികമായി റദ്ദ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മോട്ടോർ വാഹന നിയമം സെക്ഷൻ 53(1) പ്രകാരം മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഒഫീസറാണ് നടപടി എടുത്തത്.
വാഹനത്തിൽ വരുത്തിയിട്ടുള്ള മോഡിഫിക്കേഷനുകൾ ഒഴിവാക്കി വാഹനം ഹാജരാക്കുന്നത് വരേയൊ അല്ലെങ്കിൽ ആറ് മാസത്തേക്കോ ആയിരിക്കും സസ്പെൻഷൻ എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഈ വാഹനം പൊതുനിരത്തിൽ ഉപയോഗിക്കാൻ സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടിണ്ട്. നിലവിൽ അനുവദിച്ചിരിക്കുന്ന ആറ് മാസത്തിനുള്ളിൽ അനധികൃതമായ മാറ്റങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കുമെന്നും വകുപ്പിന്റെ പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് മുമ്പ് ഈ വാഹനത്തിന് എംവിടി 48,000 രൂപ പിഴ ചുമത്തിയിരുന്നു. അതേസമയം, വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് നടപടി എടുത്തതിനെതിരെ സോഷ്യൽമീഡിയയിൽ എതിർപ്പ് ഉയരുകയാണ്.
രൂപമാറ്റം വരുത്തുന്നത് വാഹനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നുമാണ് വിലയിരുത്തലുകൾ. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് സുപ്രീം കോടതിയും നിരോധിച്ചിട്ടുണ്ട്.
Discussion about this post