കൊല്ലം: കൊല്ലം കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് പോലീസ്. നിലവിൽ റിമാന്റിലുള്ള പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുന്നതോടെ കേസിൽ കൂടുതൽ നടപടികളെടുക്കാനായേക്കുമെന്ന് കൊട്ടിയം സിഐ ദിലീഷ് സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. ഹാരിഷിന്റെ സഹോദരൻ, സഹോദരന്റെ ഭാര്യയായ സീരിയൽ നടി തുടങ്ങിയവരെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അറിയാമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.
ജീവനൊടുക്കിയ യുവതി തങ്ങളുടെ വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും സീരിയൽ നടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം, വിവാഹം കഴിഞ്ഞതായ വ്യാജരേഖ തയ്യാറാക്കിയത് യുവതിയുടെ കുടുംബത്തിന്റെ അറിവോടെയാണെന്നാണ് പ്രതി ഹാരിഷ് പോലീസിന് നൽകിയ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്. തനിക്ക് വായ്പയെടുത്ത് പണം നൽകാൻ വേണ്ടി യുവതിയുടെ കുടുംബം തന്നെയാണ് ഈ രേഖകളുണ്ടാക്കിയതെന്നാണ് പ്രതിയുടെ വാദം. ഇക്കാര്യങ്ങൾ വിശദമായ പരിശോധന വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രതികരണം.
നിശ്ചയിച്ച വിവാഹത്തിൽനിന്ന് ഹാരിഷ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കൊട്ടിയത്തെ വീട്ടിൽ ജീവനൊടുക്കിയത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രം നടത്തുകയും ചെയ്തിരുന്നു. വിവാഹത്തിനുമുൻപ് റംസിയുടെ വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി 15 പവനും അഞ്ചുലക്ഷം രൂപയും ഹാരിഷ് കൈക്കലാക്കിയിരുന്നു. ഇതിനുശേഷമാണ് യുവതിയുമായുള്ള വിവാഹത്തിൽനിന്ന് ഹാരിഷും കുടുംബവും പിന്മാറിയത്. ഹാരിഷിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരഭാര്യ എന്നിവർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഇവരെ പ്രതിചേർത്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.