വിമാനത്താവളം അദാനിക്ക് തന്നെ കൊടുക്കണം; തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ; തെരഞ്ഞെടുപ്പിലും മത്സരിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ കൈമാറണമെന്നും തീരുമാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്താൻ ജനകീയ കൂട്ടായ്മ. വരുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പ്രചാരണം. ഈ കൂട്ടായ്മയിൽ റസിഡൻസ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ്, ടെക്‌നോപാർക്കിലെ ഐടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ, പ്രൊഫഷണലുകളായ യുവാക്കൾ തുടങ്ങിയവരാണുള്ളത്. വേണ്ടി വന്നാൽ കിഴക്കമ്പലം ട്വന്റി-ട്വന്റി മാതൃകയിൽ മൂന്നുമുന്നണികൾക്കുമെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും ഇവർ സൂചന നൽകുന്നു.

തലസ്ഥാനനഗരത്തിന്റെ വികസനമെന്ന അജണ്ടയിലൂന്നിയാണ് കൂട്ടായ്മ തുടക്കം. നഗരവാസികൾക്കിടയിൽ സ്വാധീനമുള്ള നിരവധി സംഘടനകൾ ഇതിന്റെ ഭാഗമാണ്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാർട്ടികൾ അതിന് തുരങ്കംവയ്ക്കുന്നെന്നാണ് ആരോപണം.

വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വിമാനത്താവള വികസനം മുഖ്യ ചർച്ചാ വിഷയമാക്കും. വികസനത്തിന് എതിരുനിൽക്കുന്നവരെ തോൽപ്പിക്കുമെന്നും വേണ്ടിവന്നാൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നും കൂട്ടായ്മയിലംഗമായ ജി വിജയരാഘവൻ വ്യക്തമാക്കി. ചെറുപ്പക്കാരാണ് കൂട്ടായ്മയുടെ ജീവൻ. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ യുവാക്കളുടെ വോട്ട് നിർണായകമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version