പൊന്നാനി: മത്സ്യബന്ധനത്തിനായി പൊന്നാനിയിൽ നിന്നും ബോട്ടിൽ കടലിൽ പോയ ആറംഗ സംഘത്തെ കരയിൽ നിന്നും തേടിയെത്തിയവർ ജീവിതത്തിലേക്ക്് കരംപിടിക്കുമ്പോൾ അവർ 14 മണിക്കൂർ ജീവൻ കൈയ്യിൽ പിടിച്ച് കരയിലേക്ക് നീന്താൻ ശ്രമിക്കുകയായിരുന്നു. എടമുട്ടത്തിന് 6 നോട്ടിക്കൽ മൈൽ അകലെവച്ച് എഞ്ചിൻ പ്ലേറ്റ് പൊട്ടിയാണ് ബോട്ട് മുങ്ങിയത്. ‘ബോട്ടിന്റെ മുക്കാൽ ഭാഗവും കടലിൽ താഴ്ന്നു. രാത്രിയിൽ ആരും രക്ഷയ്ക്കെത്തില്ലെന്ന് ഉറപ്പായിരുന്നു. ഞങ്ങൾക്കു മുൻപിലുള്ള അവസാന വഴി കരയിലേക്കു നീന്തുക മാത്രമായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ ലൈഫ് ജാക്കറ്റിട്ട്, എല്ലാം ദൈവത്തിൽ അർപ്പിച്ച് കടലിലേക്കു ചാടി’- കരയിലെത്തിയ ബോട്ടിന്റെ സ്രാങ്ക് കൂടിയായ കാദർകുട്ടി ഹാജിയാരകത്ത് നാസർ പറയുന്നു.
അപകടത്തിൽപ്പെട്ട അലിസ് (മഹാലക്ഷ്മി) ബോട്ടിന്റെ ഉടമകളിലൊരാളു കൂടിയാണ് നാസർ. ഇദ്ദേഹത്തിനു പുറമേ പൊന്നാനി അഴീക്കൽ സ്വദേശികളായ പൗറാക്കാനകത്ത് കുഞ്ഞൻബാവ, കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് മുനവ്വർ, ചൊക്കിന്റെകത്ത് സുബൈർ, സഫീർ, നാൽപത്തിയാറുകാരനായ ഒഡീഷ സ്വദേശി എന്നിവരാണു രക്ഷാപ്രവർത്തകരുടെ കൈകളിലൂടെ കരയിലേക്ക് അടുത്തത്.
കടലിൽ 14 മണിക്കൂർ ഞായറാഴ്ച രാത്രി എട്ടിന് എടമുട്ടത്തിന് 6 നോട്ടിക്കൽ മൈൽ അകലെവച്ച് എൻജിൻ പ്ലേറ്റ് പൊട്ടിയാണ് ബോട്ട് അപകടത്തിൽ പെട്ടത്. നിമിഷങ്ങൾക്കകം വെള്ളം കയറിത്തുടങ്ങി. എഞ്ചിൻ നിലച്ചു. ബോട്ടിലെ വെള്ളം കോരിക്കളയാൻ ആവുന്നത്ര ശ്രമിച്ചു. സഹായം അഭ്യർത്ഥിച്ചു നാട്ടിലുള്ളവരെയും കോസ്റ്റൽ പൊലീസിനെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു. ബോട്ട് മുങ്ങുന്നതു നോക്കി ഒരു മൂലയിൽ ഞങ്ങൾ പിടിച്ചു നിന്നു. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്നു തോന്നിയ നിമിഷങ്ങൾ. ആരും എത്തിയില്ല അലക്ഷ്യമായി ഒഴുകിയ ബോട്ട് പുലർച്ചെ നാട്ടിക ഭാഗത്ത് എത്തി. ദിശ കാണിച്ചുതന്ന ജിപിഎസിലും വെള്ളം കയറി.
ഇതോടെ മരണം ഉറപ്പിച്ചപോലായി ആറുപേരും. സ്രാങ്ക് നാസർ മൊബൈലിൽ അവസാനമായി ബോട്ടിന്റെ പാർട്ണർ ഷാഫിയെ വിളിച്ചു. ഇനി വിളിക്കാനാകില്ലെന്നും മരണത്തിലേക്കാണു ഞങ്ങൾ നീങ്ങുന്നതെന്നും പറഞ്ഞു. തീരദേശ പോലീസിനെയും തീരരക്ഷാ സേനയെയും ഷാഫിയും മറ്റുള്ളവരും നിരന്തരം ബന്ധപ്പെട്ടിട്ടും 14 മണിക്കൂർ ഞങ്ങൾ 6 പേരുടെ ജീവൻ നടുക്കടലിൽ കുടുങ്ങി. പിന്നെ, കര ലക്ഷ്യം വെച്ച് കടലിൽ നീന്തൽ തുടങ്ങി. കര കാണുന്നതുവരെ നീന്തുക. മറ്റു മാർഗമില്ലായിരുന്നു.
ഇതിനിട്, തിരിച്ചടിയായി ഇടയ്ക്കുവച്ച് സഫീറിന്റെ ലൈഫ് ജാക്കറ്റ് നഷ്ടപ്പെട്ടു. കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞൻബാവ തന്റെ ലൈഫ് ജാക്കറ്റിലേക്കു സഫീറിനെയും കൂട്ടി. ബോട്ടിൽനിന്നു അടർന്നുമാറിയ ഒരു മരക്കഷണത്തിൽ 2 പേർ പിടിച്ചുനിന്നു. 14 മണിക്കൂർ നീന്തി. അപ്പോഴേക്കും പൊന്നാനിയിൽ നിന്ന് 6 ബോട്ടുകൾ ഞങ്ങൾക്ക് അരികിലെത്തി. ബോട്ടുകളിലേക്കു പിടിച്ചു കയറ്റി. വൈകിട്ട് അഞ്ചോടെ ജീവന്റെ കരയിലേക്ക്.
Discussion about this post