റംസിയുടെ മരണത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും പങ്ക്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

കൊല്ലം: പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറുകയും ചെയ്തതോടെ റംസി(24) എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രശസ്ത സീരിയൽ നടിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. സീരിയൽതാരം ലക്ഷ്മി പ്രമോദിനെതിരെയാണ് റംസിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഹാരിസിന്റെ സഹോദര പത്‌നിയാണ് ലക്ഷ്മി പ്രമോദ്.

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും സീരിയൽ ഷൂട്ടിങിനിടെ കൂട്ടിനായി കൊണ്ടുപോകുന്ന റംസിയെ ഹാരിസിനൊപ്പം പറഞ്ഞയച്ചിരുന്നത് ലക്ഷ്മിയാണെന്നും റംസിയുടെ കുടുംബം ആരോപിക്കുന്നു. മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും റംസിയുടെ സഹോദരി അൻസി പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിൽ ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോയും ഫോട്ടോകളും റംസിയുടെ ഫോണിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, റംസി ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി ഗർഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു സംഭവം. മൂന്ന് മാസം ഗർഭിണിയായ റംസിയെ അബോർഷൻ നടത്താനായി ലക്ഷ്മിയും ഹാരിസും ഹാരിസിന്റെ മാതാപിതാക്കളായ ആരിഫയും അബ്ദുൾഹക്കീമും ചേർന്നാണ് എറണാകുളത്തേക്ക് കൊണ്ടു പോയതെന്നും അൻസി പറഞ്ഞതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാരിസിനോട് ഉടൻ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെിരുന്നു. പക്ഷെ, വർക്ക്‌ഷോപ്പ് ആരംഭിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു പറഞ്ഞത്. ഈ വർക്ക് ഷോപ്പ് ആരംഭിക്കാനായാണ് റംസിയുടെ കുടുംബത്തോട് നിരന്തരം ഹാരിസ് പണം ആവശ്യപ്പെട്ടതും പണവും സ്വർണ്ണവും സ്ത്രീധനമായി അഞ്ചുലക്ഷത്തോളം രൂപയും പലപ്പോഴായി കൈക്കലാക്കിയതും. മൂന്ന് മാസം മുമ്പ് ഹാരിസ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു. റംസി ഇത് ആരംഭിക്കാനായി പലരിൽ നിന്നും പണം കടം വാങ്ങി നൽകുകയും ലോൺ എടുത്ത് നൽകുകയും ചെയ്തിരുന്നു.

അതേസമയം, ഗർഭിണിയായതോടെ ലക്ഷ്മിയുമായി സംസാരിച്ചതിന് ശേഷമാണ് അബോർഷൻ നടത്താൻ തീരുമാനിച്ചതെന്ന് റംസി സഹോദരി അൻസിയോടു പറഞ്ഞിരുന്നു. അൻസി ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല. റംസിയുമായി ഹാരിസ് ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നറിഞ്ഞപ്പോൾ അൻസി തന്റെ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. ഭർത്താവ് ഇക്കാര്യം ഹാരിസിനോട് ചോദിച്ചപ്പോൾ അന്ന് അറിയാതെ സംഭവിച്ച തെറ്റാണെന്നാണ് പറഞ്ഞിരുന്നത്. റംസി മരണപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തുപറയാൻ അൻസി തയ്യാറായത്.

സഹോദരിയുടെ മരണത്തിൽ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് അൻസി ആരോപിക്കുന്നത്. അതിനാൽ ഇവരെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവിശ്യപ്പെടുന്നു. വഞ്ചനാകുറ്റത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും ലക്ഷ്മിക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശി ഹാരിസാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒടുവിൽ എന്റെ മകളെ എല്ലാ വിധത്തിലും ചൂഷണം ചെയ്തിട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു അവൻ. എന്റെ മകളെ കൊന്നവനെ വെറുതെ വിടരുത്, ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാവരുത്. വിവാഹ നിശ്ചയത്തിന് ശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ്് ആത്മഹത്യയെന്നും റംസിയുടെ പിതാവ് പറയുന്നു.

Exit mobile version