മറയൂര്‍: ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടി ആക്രമണം. 14കാരനെയാണ് കരടി ആക്രമിച്ചത്. അതേസമയം അച്ഛനും സഹോദരനും കൈയ്യിലുണ്ടായിരുന്ന വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധത്തിന്റെ ഫലമായാണ് 14കാരന്റെ ജീവന്‍ രക്ഷിക്കാനായത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. 14കാരന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മറയൂര്‍ പഞ്ചായത്തില്‍ പുതുക്കുടി ഗോത്രവര്‍ഗ കോളനി സ്വദേശി അരുണ്‍കുമാറിന്റെ മകന്‍ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. അരുണ്‍കുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന് വീടിന് സമീപം നിര്‍മിക്കുന്ന മണ്‍വീടിന് ഉപയോഗിക്കാന്‍ വള്ളി (പാല്‍ക്കൊടി) ശേഖരിക്കാനായി സമീപമുള്ള മലയില്‍ പോയതാണ്.
ഈ സമയത്ത് അപ്രതീക്ഷിതമായിവന്ന മൂന്ന് കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലില്‍കടിച്ചു. അരുണ്‍കുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ച് കരടിയെ നേരിടുകയായിരുന്നു.
കുറച്ചുസമയത്തിനകം കാളിമുത്തുവിനെവിട്ട് കരടികള്‍ വനത്തിനുള്ളിലേക്ക് പോയി. പരിക്കേറ്റ കാളിമുത്തുവിനെ അച്ഛനും സഹോദരനുംകൂടി മൂന്നുകിലോമീറ്റര്‍ ദൂരം തോളില്‍ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന് ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.