കൊല്ലം: കൊല്ലത്ത് കുന്നത്തൂർ താലൂക്കിൽ ആറു വയസുകാരി കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ കിഴക്കതിൽ നവാസ്‌ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കുട്ടി കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ കുട്ടി ഇന്നു ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. കുട്ടിയുടെ ഉറ്റബന്ധുക്കളെയെല്ലാം ക്വറന്റൈനിലാക്കിയിട്ടുണ്ട്.
ആറു വയസുകാരി ആയിഷയ്ക്കു പുറമെ സെപ്റ്റംബർ ഒന്നിന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര സ്വദേശി ആന്റണി (70) യുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകൾ ആദ്യമായി ഇന്ന് 3000 കടന്നു. ഇന്ന് 3082 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
കൊല്ലം ജില്ലയിൽ മാത്രം ഇന്ന് 328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നുമെത്തിയ 9 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 11 പേർക്കും സമ്പർക്കം മൂലം 302 പേർക്കും, 6 ആരോഗ്യപ്രവർത്തകർക്കുമാണ് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 204 പേർ രോഗമുക്തി നേടി.