തിരുവനന്തപുരം: മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് തുറന്നത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി
മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട്, കാസര്‍കോട് ഒഴികെയുളള എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ മലബാര്‍ മേഖലയില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുളള തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ഒഴികെയുളള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.