വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ദുബായിയില്‍ ചാവക്കാട് സ്വദേശി മരിച്ചു, മരണം നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരു നാള്‍ ബാക്കി നില്‍ക്കെ

ദുബായ്: വാഹനം ഓടിക്കുന്നതിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കൊളങ്ങരകത്ത് ആളുരകായില്‍ നിയാസാണ് മരിച്ചത്. 42 വയസായിരുന്നു. നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരു നാള്‍ അവശേഷക്കെയാണ് നിയാസ് മരണപ്പെട്ടത്. നാട്ടിലേക്ക് തിരിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ വാഹനവുമായി പുറത്തിറങ്ങിയ നിയാസിന് സിഗ്നലിന്റെ അടുത്തെത്തിയപ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

വാഹനം അനങ്ങാത്തതിനെ തുടര്‍ന്ന് വഴി ബ്ലോക്കായതോടെ പോലീസ് എത്തി കാര്‍ തുറന്ന് നോക്കിയപ്പോഴാണ് നിയാസ് മരണപ്പെട്ടതായി അറിഞ്ഞത്. ഇന്ന് രാത്രിയില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഇപ്പോള്‍ ചേറ്റുവയിലാണ് താമസം. ദുബായ് സബീല്‍ പാലസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നിഷിദ. മക്കള്‍: മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം. ഹംപാസ് പ്രവര്‍ത്തകന്‍ അലി മുഹമ്മദിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Exit mobile version