പെരിന്തല്‍മണ്ണ: ഏകമകളുടെ വിവാഹനിശ്ചയം അറിയിക്കാന്‍ പോയ അലിക്കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും മകളുടെ മകളുടേയും കല്യാണം കഴിഞ്ഞു. മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളില്‍ അറിയിക്കാന്‍ പോയ അയ്യാലിന്‍ അലിക്കുഞ്ഞ്(88) വീട്ടില്‍ തിരിച്ചെത്തിയത് 23 വര്‍ഷത്തിനു ശേഷമാണ്.
പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇദ്ദേഹത്തെ പോലീസും ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ തൂതയും ചേര്‍ന്നാണ് എറണാകുളം ജില്ലയിലെ പറവൂരിലെ കരിമാല്ലൂര്‍ മാഞ്ഞാലിക്കരയിലെ വീട്ടിലെത്തിച്ചത്. നാട്ടുകാരാണ് ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ കണ്‍ട്രോള്‍ റൂം എസ്‌ഐ കുഞ്ഞന്‍, സിപിഒ റമീസ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വീടുവിട്ടിറങ്ങിയതിനെക്കുറിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെയാണ്: കുട്ടിക്കാലം മുതലേ യാത്ര ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണു നാട്ടുകാര്‍ ഇട്ട ഇരട്ടപ്പേര്. 15 വയസ്സു മുതല്‍ പലപ്പോഴും ചെറിയ യാത്രകള്‍ പോകാറുണ്ട്. ഒരേയോരു മകളുടെ വിവാഹം നിശ്ചയിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ബന്ധുവീടുകളില്‍ ക്ഷണിക്കാനാണ് ഇറങ്ങിയത്.
ആ യാത്ര പലവഴിക്കങ്ങനെ നീണ്ടു. പിന്നീടു പലപ്പോഴും വീട്ടില്‍ പോകണമെന്നു കരുതിയിരുന്നു. എന്നാല്‍ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം പോയില്ല. അന്നു വീടുമായി ബന്ധപ്പെടാനും വഴിയില്ലായിരുന്നു. ചെര്‍പ്പുളശ്ശേരി,പട്ടാമ്പി,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ പലയിടങ്ങളിലും കിട്ടിയ ജോലിയൊക്കെ ചെയ്തു.
ഒടുവില്‍ ജോലി ചെയ്യാന്‍ ആരോഗ്യമില്ലാതായി. ഭാര്യ ഖദീജയും മകളും ബന്ധുക്കളും നാട്ടുകാരും അലിയെ പലയിടങ്ങളിലും അന്വേഷിച്ചു. സൂചന പോലും ഇല്ലാത്തതിനാല്‍ അന്വേഷണം ഉപേക്ഷിച്ചു. ഇതിനിടെ മകള്‍ ഹസീനയുടെ മകളുടെ വിവാഹവും കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം അലിക്കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. അലിക്കുഞ്ഞിനെ കാണാന്‍ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട്ടിലെത്തി. കോവിഡ് പരിശോധന നടത്തി പുതിയ വസ്ത്രം ധരിപ്പിച്ചാണ് ഇയാളെ വീട്ടിലെത്തിച്ചത്.
Discussion about this post