കോട്ടയം: കോട്ടയത്തെ നാല് സ്വകാര്യ സ്ഥാപനങ്ങളെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. തിരുനക്കരയിലെ ജോസ്കോ ജ്വല്ലേഴ്സ്, കൂരോപ്പടയിലെ പാരഗണ്‍ പോളിമേഴ്സ്, ചേനപ്പാടിയിലെ ചരിവുപുറം റബേഴ്സ്, ബേക്കര്‍ ജംഗ്ഷന് സമീപത്തെ ക്യുആര്‍എസ് എന്നീ സ്ഥാപനങ്ങളെയാണ് കളക്ടര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ നാല് സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ഇത്തരത്തിലൊരു നടപടി എടുത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം രണ്ടു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 119 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 1589 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post