തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രി എംഎം മണി. നിലയ്ക്കാത്ത ‘രക്ഷിക്കണേ, രക്ഷിക്കണേ’ നിലവിളികള്‍ ഉയരുകയാണെന്നും ഇതൊക്കെയും കോണ്‍ഗ്രസ് നേതൃത്വമുയര്‍ത്തുന്ന പരിദേവനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം. കെ.പി.സി.സി പ്രസിഡന്റ് വിളിച്ചാല്‍ കിട്ടുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒത്തുചേര്‍ത്ത് നടത്തിയ അഭ്യര്‍ത്ഥനയാണിതെന്നും രഹസ്യമായൊന്നുമല്ല, വീഡിയോ കോണ്‍ഫറന്‍സ് നടത്തിത്തന്നെയാണ് കരഞ്ഞതെന്നും മന്ത്രി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
*സര്‍ക്കാരിനെതിരെ രംഗത്തിറങ്ങി രക്ഷിക്കണേ !
*സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്ത്തിത്തന്ന് രക്ഷിക്കണേ !
*വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാതെ രക്ഷിക്കണേ !
*ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെ രക്ഷിക്കണേ !
*ഭവന പദ്ധതി മുടക്കി രക്ഷിക്കണേ !
*സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മുടക്കി രക്ഷിക്കണേ !
*സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മുടക്കി രക്ഷിക്കണേ !
*ജനങ്ങളെ തെക്ക് – വടക്ക് നടത്തി കഷ്ടപ്പെടുത്തി സര്ക്കാരിനെതിരാക്കിത്തന്ന് രക്ഷിക്കണേ ! ……
നിലയ്ക്കാത്ത ‘രക്ഷിക്കണേ, രക്ഷിക്കണേ’ നിലവിളികള്‍ ഉയരുകയാണ്.
ഇതൊക്കെയും കോണ്‍ഗ്രസ് നേതൃത്വമുയര്‍ത്തുന്ന പരിദേവനങ്ങളാണ്.
കെ.പി.സി.സി പ്രസിഡന്റ് വിളിച്ചാല്‍ കിട്ടുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒത്തുചേര്‍ത്ത് നടത്തിയ അഭ്യര്‍ത്ഥനയാണ്. രഹസ്യമായൊന്നുമല്ല, വീഡിയോ കോണ്‍ഫറന്‍സ് നടത്തിത്തന്നെയാണ് കരഞ്ഞത്.
ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനപിന്തുണ നേടലൊക്കെ മെനക്കേടാണ്. അങ്ങിനെയൊരു ശീലമൊന്നും കുറച്ചു കാലമായി കോണ്‍ഗ്രസിനില്ല. അപ്പോള്‍ എങ്ങിനെയെങ്കിലും ഭരണം പിടിക്കാന്‍, അതിനുള്ള ഒരു കുറുക്കുവഴിയായിരുന്നു ഈ നിലവിളികള്‍.
സര്‍വ്വ മേഖലയിലും ഇടതുപക്ഷ സര്‍ക്കാര്‍ കൈവരിച്ച മികച്ച നേട്ടങ്ങളും അതുവഴി ഉണ്ടായ ജനപിന്തുണയും കണ്ട് സമനിലതെറ്റിയ യു.ഡി.എഫ് ഒടുക്കം പ്രതീക്ഷ അര്‍പ്പിക്കുന്നത് ഈ കോറസ് രോദനത്തിലാണ്.
പ്രളയം വരും, വരള്‍ച്ച വരും, പ്രതിസന്ധി വരും എന്നൊക്കെ പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് ഇനിയിത് അവസാന പിടിവള്ളിയാണ്. അതിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കുറച്ച് കോണ്‍ഗ്രസ് ശിങ്കിടികളോട് ‘രക്ഷിക്കണേ’ എന്ന് വിളിച്ച് കേഴുന്നത്. അത് കേള്‍ക്കാത്ത ഉദ്യോഗസ്ഥരെ ഇവര്‍ ശപിച്ചുകളയുമെന്നും അറിയിച്ചിട്ടുണ്ട്.
എന്തായാലും അത്തരം ഉദ്യോഗസ്ഥര്‍ ജാഗ്രതൈ!
Discussion about this post