പത്തനംതിട്ട: ശബരിമലയിലും പരിസരത്തും ബിസ്‌കറ്റിന് വനം- വന്യജീവി വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകളില്‍ ബിസ്‌കറ്റ് വില്‍ക്കുന്നതും നിരോധിച്ചു. പ്ലാസ്റ്റിക് ചേര്‍ന്ന കവറുകളിലാണ് ബിസ്‌കറ്റ് പായ്ക്ക് ചെയ്തു വരുന്നതെന്നും ഇതു വന്യജീവികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ദീര്‍ഘദൂരത്ത് നിന്നും വരുന്ന തീര്‍ഥാടകരില്‍ നല്ലൊരുഭാഗവും യാത്രയില്‍ ലഘുഭക്ഷണമായി ബിസ്‌കറ്റാണു കഴിച്ചുവരുന്നത്. എന്നാല്‍ ഇതിന് ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് നിരോധനം. ഇതിനു പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളില്‍ പായ്ക്കു ചെയ്തുവരുന്ന ശീതളപാനിയങ്ങള്‍, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വില്‍പനയും തടഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് ഇതുപോലെ പെട്ടെന്നായിരുന്നു കടകളിലെ കുപ്പിവെളള വില്‍പനയും നിരോധിച്ചത്. ദേവസ്വം ബോര്‍ഡും ജല അതോറിറ്റിയും ബദല്‍ സംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്.