കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണസന്ദേശത്തില്‍ വാമനനെ അപമാനിച്ചെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പ്രധാനധ്യാപികയെകൊണ്ട് പോലീസ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ വിമര്‍ശനം ശക്തമാവുന്നു. അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് മാപ്പ് പറയിപ്പിക്കുകയായിരുന്നു.
കോട്ടയം നെടുങ്കുന്നം സെന്റ് തെരാസ സ്‌കൂള്‍ പ്രധാനാധ്യപിക സിസ്റ്റര്‍ റീത്താമ്മ സ്‌കൂള്‍ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട ഓണസന്ദേശമാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പടേയുള്ള സംഘപരിവാര്‍ സംഘടനകള്‍ വിവാദമാക്കിയത്. അധ്യാപികയുടെ വാട്‌സാപ്പ് സന്ദേശം പുറത്തു വന്നതിന് പിന്നാലെ വാമനനെ അപമാനിച്ചുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തുകയായിരുന്നു.
വാമനനെ അപമാനിച്ച അധ്യാപിക മാപ്പ് പറയണമെന്നതായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രധാന ആവശ്യം. മതസ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്‌കൂളിന് മുന്നില്‍ ഹിന്ദു ഐക്യവേദി സമരം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഹിന്ദുദൈവങ്ങളെ മനപ്പൂര്‍വ്വം അപമാനിച്ച പ്രധാനധ്യാപിക സി.റീത്താമ്മക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി അഭിജിത്ത് വി.കെ കറുകച്ചാല്‍ സമര്‍പ്പിച്ച പരാതിയിലെ പ്രധാന ആവശ്യം.
തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സി.റീത്താമ്മ മാപ്പെഴുതി നല്‍കുകയായിരുന്നു. എന്നാല്‍ കടലാസില്‍ എഴുതി നല്‍കിയ മാപ്പ് വായിച്ചുകേള്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാപ്പ് വായിക്കുന്ന വീഡിയോ എടുത്ത് ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. വാമനമൂര്‍ത്തിയെക്കുറിച്ച് പറഞ്ഞത് തന്റെ അറിവില്ലായ്മയാണെന്നും അതുമൂലം ഹിന്ദുക്കള്‍ക്ക് മനോവേദനയുണ്ടായതില്‍ മാപ്പ് ചോദിക്കുന്നെന്നു അധ്യാപികയായ റീത്താമ പറയുന്നു. അതേസമയം, സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.
അധ്യാപികയെ ഭീഷണപ്പെടുത്തിയ സംഘപരിവാര്‍ നടപടിക്ക് പോലീസും കൂട്ടുനിന്നുവെന്നാണ് പ്രധാന ആരോപണം. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ക്ക് നാടിന്റ ക്രമസമാധാന പരിപാലനം നല്‍കിയാല്‍ ആര്‍എസ്എസിന് കാര്യങ്ങള്‍ എളുപ്പമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അധ്യാപികയുടെ ഓണസന്ദേശം ഇങ്ങനെ;
ചവിട്ടി താഴ്ത്തിയവരുടെ മുന്നില്‍ യേശു ഇന്നും വലിയ ഉദാത്ത മാതൃകയായി നില്‍ക്കുന്നു. മാനവ മക്കള്‍ക്ക് വേണ്ടി സ്വയം ഇല്ലാതാകാന്‍ വന്ന യേശു നല്ല മാതൃകയാണ്.ഗാന്ധിജി, എബ്രഹാം ലിങ്കണ്‍,മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിലെ ബോബി ഫാന്‍സ്, മാഗ്സ് വില്യന്‍ ഗോള്‍ബേ,മദര്‍ തെരേസ, ഇറോം ഷര്‍മിള, ആങ് സാന്‍ സൂചി തുടങ്ങി ആ വഴിയില്‍ മാനവികതയ്ക്ക് തിരുവോണ വിരുന്നാകാന്‍ സ്വയം മഹാബലിയാകുന്നവര്‍ ഏറെയുണ്ട്.
നമുക്ക് നന്‍മയുടെ പക്ഷം ചേരാം. ചതിയും വഞ്ചനയും സ്വാര്‍ത്ഥതയും വിഭാഗീയതയും വര്‍ഗ്ഗീയതയും കുഴിക്കുന്ന എത്രയോ പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്‍മാര്‍ ചവിട്ടിത്താഴ്ത്തിയാലും പ്രത്യാശയുടെ ഉള്‍ക്കരുത്ത് ചേര്‍ത്ത് വെക്കാം- എന്നുകൂടി പറഞ്ഞുകൊണ്ടായിരുന്നു സിസ്റ്റല്‍ തന്റെ വാട്‌സാപ്പ് സന്ദേശം അവസാനിപ്പിച്ചത്.
Discussion about this post