തൃശ്ശൂര്‍: ‘ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്, ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്’ എന്ന് എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്.
സര്‍ക്കാര്‍ തസ്തികകളില്‍ നിയമനനിരോധനം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു രാജേഷിന്റെ വിമര്‍ശനം. തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടുകള്‍ താരതമ്യപെടുത്തിയാണ് എം.ബി രാജേഷ് മാധ്യമങ്ങളെയടക്കം പരോക്ഷമായി വിമര്‍ശിച്ചത്.
ചെലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 അധിക തസ്തികയും ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം
ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വാര്‍ത്തകളോ!
ഇത് ഏതെങ്കിലും ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയുടെ വിഷയമാകുമോ ഒട്ടും സാദ്ധ്യതയില്ല. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണിത്. ചെലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണിത്. എട്ടു ലക്ഷം ഒഴിവുകള്‍ കേന്ദ്ര സര്‍വ്വീസില്‍ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്. എന്നാല്‍ ഈ തിരുവോണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 1000 തസ്തിക അധികം സൃഷ്ടിക്കുമെന്നാണ്. നാല് വര്‍ഷം കൊണ്ട് 16000 തസ്തിക അധികം സൃഷ്ടിച്ചതിന് പുറമേയാണിത്. ഇതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള വ്യത്യാസം. 1. എട്ടു ലക്ഷം ഒഴിവ് നികത്താത്തതിനെക്കുറിച്ച് ചര്‍ച്ചയോ പരമ്പരയോ ഉണ്ടായോ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ വല്ലതുമുണ്ടായോ
2 .2019 ഡിസംബര്‍ 12ന് RRB ഫലപ്രഖ്യാപനം നടത്തിയ ALP തസ്തികകള്‍ 64371. ഒന്‍പത് മാസമായി ഒരൊറ്റ നിയമനം നടത്തിയിട്ടില്ല. വാര്‍ത്ത യോ പരാതിയോ ചര്‍ച്ചയോ ഉണ്ടായോ
3. RRB ഗ്രൂപ്പ് ഡി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2019 ഫെബ്രുവരി 23. ഒഴിവുകളുടെ എണ്ണം 1,03,769. ഇതിലേക്കുള്ള അപേക്ഷകര്‍ എത്രയാണെന്നറിയാമോ ഒരു കോടി പതിനാറു ലക്ഷം! അപേക്ഷാ ഫീസായി കേന്ദ്രം പിരിച്ചത് 500 കോടി. 18 മാസമായി പരീക്ഷ നടത്താന്‍ പോലും തയ്യാറായിട്ടില്ല. ഒരു വരി വാര്‍ത്ത കണ്ടിട്ടുണ്ടോ
4..ഇനി RRB NTPC: വിജ്ഞാപനം ഫെബ്രുവരി 28, 2019. ഒഴിവുകള്‍ 35277. അപേക്ഷകര്‍ 1.26 കോടി. 500 കോടിയിലേറെ ഫീസിനത്തില്‍ പിരിച്ചു. 18 മാസമായി പരീക്ഷയുടെ പൊടിപോലുമില്ല. ആരെങ്കിലും വാര്‍ത്ത ബ്രേക്ക് ചെയ്‌തോ
5. SS C CGL വിജ്ഞാപനം 2018ല്‍.ഡിസംബര്‍ 2019 ല്‍ പരീക്ഷ. ഒഴിവുകള്‍ 11000. മാസം 9 കഴിഞ്ഞു. അന്തിമ ഫലം ഇതു വരെ പ്രസിദ്ധീകരിച്ചില്ല. എന്തേ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഇതൊന്നും കണ്ടില്ല
ഇതിനിടയിലാണ് ഇന്നലത്തെ തസ്തിക സൃഷ്ടിക്കല്‍ നിരോധനം കൂടി ഉണ്ടാകുന്നത്. ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാത്ത മാദ്ധ്യമങ്ങളാണ് ഒപ്പിന്റെ പേരില്‍ പ്രേക്ഷകരെ ഒപ്പിക്കാനും 1.34 ലക്ഷം നിയമനം നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദപരമ്പര തീര്‍ക്കാനും മുന്നില്‍ നില്‍ക്കുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്. മുകളില്‍ പറഞ്ഞ ഒരൊറ്റ ചോദ്യവും ചോദിക്കാന്‍ നിങ്ങള്‍ക്ക് കെല്പില്ലാത്തത് എന്തുകൊണ്ട് ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്. ഇഷ്ടക്കാരെ മാത്രം ഒപ്പമിരുത്തി പരദൂഷണ ഹവറുകളില്‍ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതു പോലെയല്ല. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാല്‍ ജനം രാജ്യത്തെ യാഥാര്‍ത്ഥ്യമറിയും. അത് യജമാനനും യജമാനന്റെ യജമാനന്‍മാര്‍ക്കും രസിക്കില്ല. ഈ ചോദ്യങ്ങള്‍ എല്ലാ മലയാളമാദ്ധ്യമങ്ങള്‍ക്കും ഉത്തരം പറയാന്‍ ബാദ്ധ്യതയുള്ളതാണ്. നിങ്ങള്‍ക്ക് ഒരുത്തരവും ഉണ്ടാവില്ല. ശരിയായ ഒരു ചോദ്യവും നിങ്ങളുടെ നാവില്‍ നിന്ന് ഉയരുകയുമില്ല.
Discussion about this post