കൊച്ചി: കൊച്ചി മെട്രോ ട്രെയിനില്‍ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും. അവധിദിന, വാരാന്ത്യ പാസ്സുകള്‍ക്കും 15 മുതല്‍ 30 രൂപ വരെ ഇളവ് നല്‍കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകള്‍ക്ക് 20 രൂപയും, തുടര്‍ന്നുള്ള പന്ത്രണ്ട് സ്റ്റേഷന്‍ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷന്‍ വരെ അമ്പത് രൂപയുമാകും പരമാവധി നിരക്ക്.
അതേസമയം, കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും.പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളു.
നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക. യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്ന് ഇടും. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക.
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നല്‍കുക.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ 12വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്.
അതേസമയം കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും.മെട്രോയുടെ യാത്രാ സര്‍വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും.
പേട്ടയിലേക്ക് കൂടി ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ കൊച്ചി മെട്രോ പാതയുടെ ദൈര്‍ഘ്യം 25.16 കിലോമീറ്ററാകും. ആകെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും.പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ദീര്‍ഘിപ്പിച്ച മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.