കോഴിക്കോട്: സ്കൂള്‍ ഹെഡ്മാസ്റ്ററാണെങ്കിലും തെങ്ങുകയറ്റം, മതിലുകെട്ടല്‍,കൃഷി എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ലൈജു തോമസ്. കുടിയേറ്റ മേഖലയായ ആനക്കാംപൊയിലിനു സമീപം മലമുകളിലുള്ള മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്.
”വൈകിട്ട് സ്കൂള്‍ മുറ്റത്തു കളിച്ചു ക്ഷീണിച്ച കുഞ്ഞുങ്ങള്‍ വിശക്കുന്നുവെന്ന് പറഞ്ഞു. കഞ്ഞിപ്പുരയില്‍ അവിലും ശര്‍ക്കരയും ഇരിപ്പുണ്ട്. ഞാന്‍ തോര്‍ത്ത് തളപ്പാക്കി തെങ്ങില്‍ക്കയറി തേങ്ങയിട്ടു. അവിലു കുഴച്ചുകൊടുത്തു. ഈ സ്കൂളില്‍ വന്ന ശേഷം ആദ്യത്തെ തെങ്ങുകയറ്റം അന്നായിരുന്നു” – ലൈജു മാഷ് പറയുന്നു.
സ്കൂള്‍ മുറ്റത്തെ പാറക്കെട്ട് കൂടം കൊണ്ടിടിച്ചു പൊട്ടിച്ചു മതിലു കെട്ടുന്നു, പറമ്പു കിളച്ചു ചേനയും ചേമ്പും കാച്ചിലും കപ്പയും വാഴയും നട്ടു വളര്‍ത്തുന്നു, കുളമുണ്ടാക്കി മീന്‍ വളര്‍ത്തുന്നു, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പുറമെ ലൈജു മാഷ് ഈ ജോലികളും ചെയ്യാറുണ്ട്.
സ്വന്തം വീട്ടില്‍ ചെയ്യുന്നതിനെക്കാള്‍ ആത്മാര്‍ഥതയോടെ സ്കൂളില്‍ വിയര്പ്പൊഴുക്കുന്നതിനു കാരണമൊന്നേ ലൈജു മാഷിനു പറയാനുള്ളൂ: ”എല്ലാം കുട്ടികള്‍ക്കു വേണ്ടിയാണ്. ഈ സ്കൂളില്ലെങ്കില്‍ മുത്തപ്പന്‍പുഴ ആദിവാസി കോളനിയിലെ കുഞ്ഞുങ്ങള്‍ക്കു പഠനം സ്വപ്നമായി മാറും. മാത്രമല്ല, എന്തു ജോലിയും മടിയില്ലാതെ ചെയ്താല്‍ നന്നായി ജീവിക്കാമെന്ന പാഠം ഞാനല്ലേ പഠിപ്പിക്കേണ്ടത്?”എന്ന് ലൈജു മാഷ് കൂട്ടിച്ചേര്‍ത്തു.
ഇരുവഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്കരികിലാണ് സ്കൂള്‍. ഉരുള്‍പൊട്ടലും കാട്ടാന ശല്യവും കാരണം കുടിയേറ്റക്കാര്‍ മലയുടെ താഴ്വാരത്തേക്കു താമസം മാറ്റിയെങ്കിലും ഗോത്ര ജനത അവിടെ തുടരുകയാണ്. 16 ആദിവാസിക്കുട്ടികള്‍ അടക്കം 20 വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്.
മിക്കവരുടെയും കുടികളില്‍ കഴിക്കാനൊന്നുമുണ്ടാകില്ല. അതുകൊണ്ട്, ഉച്ചക്കഞ്ഞി മാത്രമല്ല, രാവിലെയും വൈകിട്ടും എന്തെങ്കിലും കൂടി ലൈജു മാഷ് ഉണ്ടാക്കിക്കൊടുക്കും. മികച്ച അത്ലീറ്റ് കൂടിയായ ലൈജു 19 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. ആഴ്ചയിലൊരിക്കല്‍ മാത്രമാണു വീട്ടില്‍ പോകുന്നത്.
Discussion about this post