തിരുവനന്തപുരം: കെപിസിസി അംഗത്തിന്റെ മകൻ സ്വന്തം വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് ഇരവാദം മുഴക്കിയത് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പോലീസ്. വീടിന് സമീപത്തുളള സിഐടിയു തൊഴിലാളിയെ കേസിൽ കുടുക്കുക എന്ന ലക്ഷ്യവും ഇയാൾക്കുണ്ടായിരുന്നെന്ന് നിഖിൽ കൃഷ്ണ സമ്മതിച്ചതായി പൂന്തുറ എസ്‌ഐ പറഞ്ഞു. നിഖിലും തൊട്ടടുത്തുള്ള സിഐടിയു തൊഴിലാളിയും തമ്മിൽ അടുത്തിടെ വഴക്കുണ്ടായിരുന്നു. പബ്ലിസിറ്റിക്കൊപ്പം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇയാളിൽ കെട്ടിവെയ്ക്കാനും നിഖിൽ ശ്രമിച്ചെന്നും പൂന്തുറ എസ്‌ഐ പറഞ്ഞു.
നേരത്തെ രണ്ട് മാസം മുമ്പ് സെക്രട്ടറിയേറ്റിൽ അതിക്രമിച്ച് കടന്ന കേസിലും കെഎസ്‌യു പ്രവർത്തകനായ നിഖിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതേസമയം, സ്വന്തം ആക്രമിച്ചത് മകനാണെന്ന കാര്യത്തെ കുറിച്ച് ജി ലീനയ്ക്ക് അറിവുണ്ടായിരിക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അഭിപ്രായപ്പെട്ടു. ബൈക്കിലെത്തിയ ആക്രമികൾ ഉടൻ രക്ഷപ്പെട്ടു എന്ന വിശദീകരണമാണ് ലീന നൽകിയത്. കേസ് അന്വേഷിച്ച പൂന്തുറ പോലീസിന് നിഖിൽ കൃഷ്ണയെ സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യം ചെയ്ത നിഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ മാസം രണ്ടിന് പുലർച്ചെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയുടെ മുട്ടത്തറയിലുള്ള വീടിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്നു. ഉറങ്ങിക്കിടന്ന തന്റെ ദേഹത്താണ് ചില്ലുകൾ വീണതെന്നും മകനാണ് ആക്രമണം നടന്ന കാര്യം തന്നോട് വന്ന് പറഞ്ഞതെന്നുമായിരുന്നു ലീനയുടെ വാദം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിഖിൽ കൃഷ്ണയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തെത്തി. കോൺഗ്രസ് മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎം തന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉൾപ്പടെയുള്ളവർ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തു.
Discussion about this post