കോഴിക്കോട്: വിക്ടേഴ്‌സ് ചാനലിലെ ക്ലാസിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായ അധ്യാപിക സായി ശ്വേതയെ അപമാനിച്ചു എന്ന പരാതിയിൽ നടപടിയെടുത്ത് വനിതാകമ്മീഷൻ. അഡ്വ. ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കോഴിക്കോട് റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ അധ്യക്ഷ റിപ്പോർട്ട് തേടിയിട്ടുണ്ട്. സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ ഫേസ്ബുക്ക് വഴി സായി ശ്വേതക്കെതിരെ തുടർച്ചയായി അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ശ്രീജിത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പരാതി.
ശ്രീജിത്ത് പെരുമന സോഷ്യൽ മീഡിയയിലൂടെ വ്യക്തഹത്യ നടത്തുകയാണെന്നും കൂടാതെ കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് സായി പറഞ്ഞിരുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ശ്രീജിത്തും രംഗത്തെത്തിയിരുന്നു. അധ്യാപികയെ താൻ വിളിച്ചിട്ടില്ലെന്നും അവരുടെ ഭർത്താവിനോടാണ് സംസാരിച്ചതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ശ്രീജിത്ത് പെരുമന വിശദീകരിച്ചിരുന്നു.