തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശ്ശന നിയന്ത്രണങ്ങളോട് കൂടി പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഇതിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
1000 വോട്ടർമാരെ മാത്രമാകും ഒരു പോളിങ് ബൂത്തിൽ അനുവദിക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങളിൽ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകളെ മാത്രമേ അനുവദിക്കൂ. അഞ്ച് പേരിൽ കൂടുതൽ പേർ ഭവനസന്ദർശനത്തിന് ഇറങ്ങാൻ പാടില്ല. കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കും. വയോധികർക്കായി പ്രത്യേക ക്യൂ സജ്ജീകരിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിനും ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷത്തിൽ കൂടുതൽ ബാക്കിയുള്ളപ്പോഴാണ് ചവറയിലും കുട്ടനാട്ടിലും ഒഴിവ് വന്നത്. ഭരണഘടനാപരമായി ഇത് നികത്താനുള്ള ബാധ്യത കമ്മീഷനുണ്ട്. എന്നാൽ കൊവിഡ് സാഹര്യവും നിയമസഭയ്ക്ക് 8 മാസം കാലാവധി മാത്രം ബാക്കിയുള്ളതും ചൂണ്ടിക്കാട്ടി കേരളം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന മുഖ്യ ഓഫീസറുടെയും നിലപാട് തള്ളിയാണ് ഇന്നു ചേർന്ന സമ്പൂർണ്ണ കമ്മീഷൻ യോഗം തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. 64 നിയമസഭാ മണ്ഡലങ്ങളിലും നാഗർകോവിൽ പാർലമെന്റ് മണ്ഡലത്തിലുമായിരിക്കും ഉപതെരഞ്ഞെടുപ്പ്.