നിലയ്ക്കല്‍: ശബരിമലയിലേയ്ക്ക് 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന. പോലീസിനാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്പിമാര്‍ക്കുമാണ് പോലീസ് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്.
സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും മറ്റും ലഭിച്ച റിപ്പോര്‍ട്ടിലുണ്ട്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ത്ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നാണ് കുറിപ്പിലുള്ളത്.
ജാഗ്രതപുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കി. ഒന്നിലേറെ ഹൈന്ദവസംഘടനകള്‍ ഇത്തരത്തില്‍ നീക്കംനടത്തുന്നതായി പോലീസിന് സംശയമുണ്ട്. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും എന്നാണ് വിലയിരുത്തല്‍. യുവതികള്‍ വരുന്നത് എപ്പോഴാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും തിങ്കളാഴ്ച എഡിജിപി അയച്ച റിപ്പോര്‍ട്ടിലില്ല.