ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകയറിയ കാന്‍സറിനെ ആത്മവിശ്വാസത്തോടെ വരുതിയില്‍ നിര്‍ത്തിയ ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. ഇന്ന് നന്ദുവിന്റെ പിറന്നാളാണ്. തന്റെ പിറന്നാളിന് തലേദിവസം ഫേസ്ബുക്കില്‍ നന്ദു പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
നിങ്ങള്‍ അമിത സ്‌നേഹത്തോടെ എനിക്ക് പൊതിഞ്ഞു നല്‍കിയ നന്മയുടെ പൊതികള്‍ ഞാനെങ്ങനെ പങ്കു വയ്ക്കാതിരിയ്ക്കുമെന്നും എന്റെ ചികിത്സ ചിലവുകള്‍ കഴിഞ്ഞുള്ള ഓരോ രൂപയും അര്‍ഹതയുള്ള കരങ്ങളില്‍ എത്തുമെന്നും നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. സ്‌നേഹത്തിന്റെ ആശംസാ പെരുമഴയുമായി നന്ദുവിനെ ചേര്‍ത്തുനിര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഹൃദയങ്ങളേ…
നാളെ എന്റെ പിറന്നാളാണ്…!
അടങ്ങാത്ത സന്തോഷമുണ്ട്..ആയുസ്സ് അവസാനിച്ചിടത്തു നിന്നും ജീവിതം തിരികെപ്പിടിച്ചവര്‍ക്ക് അധികം കിട്ടുന്ന ഓരോ നിമിഷവും എത്ര അമൂല്യമാണെന്നു ഞാനെന്റെ പ്രിയപ്പെട്ടവരോട് പ്രത്യേകം പറയേണ്ടല്ലോ. നല്ല മധുരമൂറുന്ന പാല്‍പ്പായസത്തിന്റെ ഓരോ തുള്ളിയും രുചിച്ചു കുടിക്കുമ്പോലെ ജീവിതത്തെയും നമ്മള്‍ ശ്രദ്ധയോടെ രുചിക്കണം..
സന്തോഷവും സങ്കടവും സുഖങ്ങളും ദുഖങ്ങളും ഒക്കെ നമ്മള്‍ അനുഭവിക്കണം..ആസ്വദിക്കണം.ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരനുഭൂതിയാണ് ജീവിതം..ഈ സന്തോഷത്തിന്റെ വേളയില്‍ മറ്റൊരു ഇരട്ടി സന്തോഷം കൂടി ഞാന്‍ പങ്കു വയ്ക്കുകയാണ്.എന്റെ ചികിത്സയ്ക്ക് മാറ്റി വച്ച ശേഷം ഓരോ രൂപയും അര്‍ഹതയുള്ള പാവപ്പെട്ട സഹോദരങ്ങള്‍ക്ക് നല്‍കി സഹായിക്കും എന്നു ഞാന്‍ പറഞ്ഞിരുന്നു..
വിശന്നു കരയാനും നിലവിളിക്കാനും മാത്രം വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങളുണ്ട് നമുക്ക് ചുറ്റും. ജീവിതയാത്രയില്‍ അനാഥരായി പോയ ഒരുപാട് മക്കളുടെ കണ്ണീരുണ്ട് നമുക്ക് മുന്നില്‍..അവരുടെ കണ്ണീരൊപ്പാനും അവരെ ചേര്‍ത്ത് പിടിക്കാനും നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നവരിലാണ് ദൈവ ചൈതന്യം കാണാന്‍ കഴിയുക…
എന്റെ നാട്ടില്‍ ഈയടുത്ത കാലത്ത് വാഹനാപകടത്തില്‍ കാലു നഷ്ടപ്പെട്ട ഒരു കുഞ്ഞനിയനുണ്ട്..നന്ദു എന്നാണ് അവന്റെയും പേര്..നടക്കണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം..ഇത്രയും തുക നല്‍കി കാലു വയ്ക്കാന്‍ അവനൊരു മാര്‍ഗ്ഗവുമില്ല..
ഓട്ടോബോക്കിന്റെ തന്നെ കൃതൃമക്കാല്‍ കുഞ്ഞനിയനു വാങ്ങി നല്‍കും.നാളെ അതിന്റെ അളവെടുക്കും..ശേഷം എത്രയും വേഗം അവന്‍ നടന്നു തുടങ്ങും..ഇന്നേക്ക് കൃത്യം ഒരു വര്‍ഷവും ഒരു മാസവും മുമ്പ് ഇതുപോലൊരു ദിവസമാണ് ലൈഫ് ആന്‍ഡ് ലിംബ് സംഘടനയിലൂടെ ജോന്‍സണ്‍ സര്‍ എനിക്ക് കൃതൃമക്കാല്‍ തന്നത്..അന്ന് ഞാനദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് മനസ്സില്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു..സാഹചര്യം ഉണ്ടാകുമ്പോള്‍ ഒരാളെയെങ്കിലും നടക്കാന്‍ സഹായിക്കുമെന്ന്…അത് സഫലമാകുന്നു..
നിങ്ങള്‍ക്കോര്‍മ്മയില്ലേ ശാലിനി ചേച്ചിയേ..എന്റെ നന്ദുമോനുള്ളപ്പോള്‍ എന്റെ രണ്ടു മക്കളെ ഓര്‍ത്തും എനിക്ക് ടെന്‍ഷനില്ല..!അവസാന സമയങ്ങളില്‍ ശാലിനി ചേച്ചി പറഞ്ഞ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യക്തതയോടെ എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന വാക്കുകള്‍ ഇതാണ്..അത്ര സ്‌നേഹമായിരുന്നു ശാലിനി ചേച്ചിക്ക്…അര്‍ബുദം തലയിലേക്ക് ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെടുമ്പോഴും നന്ദു വന്ന് വെല്ലൂരില്‍ കൊണ്ടോയി എന്നെ രക്ഷപ്പെടുത്തും എന്ന് പാതി മയക്കത്തില്‍ പോലും ചേച്ചി പിറുപിറുത്തു കൊണ്ടിരിക്കുമായിരുന്നു..
പക്ഷേ നമുക്ക് ചേച്ചിയെ തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല..ചേച്ചി പോയതോടെ രണ്ടു മക്കളുടെയും കാര്യം വല്ലാത്ത ദുരിതത്തിലായി..ശാലിനി ചേച്ചിയ്ക്ക് ഒരു മോളും ഒരു മോനുമാണ്..പ്രായമായ അമ്മുമ്മക്ക് വീട്ടുജോലി ചെയ്യാന്‍ ആരോഗ്യമില്ലെങ്കിലും അതിന് നിര്‍ബന്ധിതമായി..ഇപ്പോള്‍ ജോലിയുമില്ല..ആ മക്കളെ സഹായിക്കാന്‍ കഴിയാത്തത് ഒരു നീറ്റലായി മനസ്സിലുണ്ടായിരുന്നു.എന്റെ കൂടെപ്പിറപ്പിന്റെ മക്കള്‍ എന്റെയും മക്കളാണ്..അവരുടെ മുന്നോട്ടുള്ള പഠനത്തിന്റെ സകല ചിലവും മാറ്റി വയ്ക്കും..അവര്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ആഗ്രഹമുള്ളതു വരെ പഠിപ്പിക്കും..മോളുടെ കല്യാണവും നടത്തി നല്‍കി അവരെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം..
അവര്‍ മാത്രമല്ല ഇങ്ങനെ നാലഞ്ചു മക്കള്‍ എനിക്കുണ്ട്…
പിന്നെ ഞങ്ങളുടെ ക്യാന്‍സര്‍ അതിജീവന ഗ്രൂപ്പിനെപ്പറ്റി എന്റെ പ്രിയമുള്ളവര്‍ക്ക് അറിയാമല്ലോ..അതിനുള്ളില്‍ ചികിത്സയ്ക്ക് ഒരു നിവൃത്തിയും ഇല്ലാത്തവരുണ്ട്..ഗ്രൂപ്പില്‍ ഇല്ലാത്തവരുമുണ്ട്..ദാരിദ്ര്യം അനുഭവിക്കുന്നവര്‍..മരുന്നു വാങ്ങാന്‍ കഴിയാത്തവര്‍ പോലുമുണ്ട്..അവരില്‍ ഇപ്പോള്‍ ചികിത്സ നേരിടുന്ന അത്രയ്ക്ക് ബുദ്ധിമുട്ടുള്ള സഹോദരങ്ങള്‍ക്ക് 50000 രൂപ വീതവും ചികിത്സ കഴിഞ്ഞെങ്കിലും ജോലിക്കൊന്നും പോകാന്‍ പറ്റാത്തവര്‍ക്കും അവയവങ്ങള്‍ നഷ്ടമായ കിടപ്പിലായിപ്പോയ തീരെ ബുദ്ധിമുട്ടുന്ന സഹോദരങ്ങള്‍ക്ക് 25000 രൂപ വീതവും നല്‍കുകയാണ്..
അവയില്‍ 7 പേര്‍ക്ക് കൊടുത്തു കഴിഞ്ഞു..കൂടാതെ വളരെ പാവപ്പെട്ട 6 മക്കള്‍ക്ക് പഠിക്കാനായി ഫോണും വാങ്ങി നല്‍കി..ഒരാള്‍ക്ക് ജീവിക്കാന്‍ എന്തിനാണ് കുറെയേറെ പണം..തലചായ്ക്കാന്‍ ഒരു വീട് വേണം..പിന്നെ മൂന്നു നേരം ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാന്‍ കഴിയണം..അത്യാവശ്യം വന്നാല്‍ സഞ്ചരിക്കാന്‍ ഒരു വാഹനം വേണം..സ്ഥിരമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ തക്കതായ എന്തെങ്കിലും ഒരു സംരംഭം കൂടി ആയാല്‍ ആ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാം..
പിന്നെയും എന്തിനാണ് സമ്പാദിച്ചു കൂട്ടുന്നത്..?എനിക്ക് ആരോഗ്യം ശരിയായി വന്നാല്‍ എനിക്ക് ജീവിക്കാനുള്ളത് ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കും…ഇതുവരെയും അങ്ങനെയാണ് ശീലവും അതാണ് സന്തോഷവും…!നിങ്ങള്‍ അമിത സ്‌നേഹത്തോടെ എനിക്ക് പൊതിഞ്ഞു നല്‍കിയ നന്മയുടെ പൊതികള്‍ ഞാനെങ്ങനെ പങ്കു വയ്ക്കാതിരിയ്ക്കും..?എനിക്കതിന് കഴിയില്ല…
എന്റെ ചികിത്സ ചിലവുകള്‍ കഴിഞ്ഞുള്ള ഓരോ രൂപയും അര്‍ഹതയുള്ള കരങ്ങളില്‍ എത്തും..
വിശപ്പും നിസ്സഹായ അവസ്ഥകളുടെ കാഠിന്യവും മാത്രമാകും മാനദണ്ഡം..ഒരുപാട് പേരുടെ മുഖത്തെ പുഞ്ചിരിയോടെയാണ് ഈ പിറന്നാള്‍ ഞാന്‍ ആഘോഷിക്കുന്നത്..അര്‍ഹതയുള്ളവര്‍ക്ക് കൊടുത്തു എന്നല്ലാതെ ഇതില്‍ എനിക്കൊരു പങ്കുമില്ല…ഈ സഹായങ്ങളുടെ മുഴുവന്‍ നന്മയും എന്നെ സഹായിച്ച സുമനസ്സുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആണ്..ഞാന്‍ വെറുമൊരു ഉപകരണം മാത്രമാണ്…
പ്രിയമുള്ളവര്‍ എനിക്ക് വേണ്ടിയും എന്നെ സഹായിച്ചവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം..ഒപ്പം നിങ്ങളുടെ പിറന്നാള്‍ സ്‌നേഹവും വേണം..
സ്‌നേഹപൂര്‍വ്വം
നന്ദു മഹാദേവ