കോഴിക്കോട്: യോഗ്യതയുണ്ടായിട്ടും അധ്യാപക ജീവിതം നയിക്കാന്‍ കഴിയാതെ ഭാഗ്യം വിറ്റ് ജീവിക്കുകയാണ് നിഥിന്. ബിരുദവും ബിഎഡും ഒന്നാം ക്ലാസോടെ പാസായ, ഭിന്നശേഷിക്കാരനായ കക്കോടി സ്വദേശി പരേതനായ ഊരാളുവീട്ടില്‍ മീത്തല്‍ രാമകൃഷ്ണന്റെ മകന് നിഥിനാണ് ലോട്ടറി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിഎ മലയാളത്തിന് പഠിക്കുമ്പോഴാണ് നിഥിന് അധ്യാപകന് ആകണമെന്ന ആഗ്രഹം ഉടലെടുത്തത്. തുടര്‍ന്ന് കോഴിക്കോട് ടീച്ചര്‍ ട്രെയ്നിംഗ് സെന്ററില്‍ നിന്ന് ഒന്നാം ക്ലാസോടെ ബിഎഡ് പാസായി. ഇതോടെ ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ജോലി ലഭിക്കാതെ വന്നതോടെ കുടുംബ ചെലവിനായി ബുദ്ധിമുട്ടേണ്ടി വന്നു. ഇതോടെയാണ് നിഥിന് ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയത്.
കാഴ്ച ശക്തി 75 ശതമാനം നഷ്ടപ്പെട്ട 29കാരനായ നിഥിന് നാലംഗ കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ്. അര്‍ബുദ രോഗിയായ പിതാവ് മരണമടയുന്നതുവരെ ചികിത്സ മുടങ്ങാതിരിക്കാന്‍, വയ്യായ്കകള്‍ എല്ലാം മാറ്റി വച്ച് കൂടുതല്‍ സമയം ജോലി ചെയ്തു. ജ്യേഷ്ഠന് ഷിബിന്‍ പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെട്ട ആളാണ്. അധ്യാപകനാവണമെന്ന ആഗ്രഹത്തില്‍ ദുരിതത്തിനിടയിലും യോഗ്യത നേടിയ നിഥിന് പ്രതീക്ഷകള്‍ ഓരോന്നായി കൈവിട്ടതോടെയാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചത്.
ആദ്യം കോഴിക്കടയിലായിരുന്നു നിഥിന് ജോലി. വെള്ളം കൊണ്ടുനല്‍കലും കവറ് പിടിക്കലും പണം വാങ്ങലുമായിരുന്നു അവിടെ ജോലി. രാവിലെ ആറര മുതല്‍ വൈകിട്ട് ഏഴരവരെ ജോലി ചെയ്താല്‍ 450 രൂപ കൂലി ലഭിച്ചിരുന്നു. പിന്നീട് പെയിന്റിംഗ് ജോലി ചെയ്തു. തുടര്‍ന്നാണ് ലോട്ടറി വില്‍പനയിലെത്തുന്നത്. ലോട്ടറി കടയില്‍ നിന്ന് ഇപ്പോള്‍ 650 രൂപ കൂലി ലഭിക്കുന്നുണ്ട്. ഇനിയും പരീക്ഷയെഴുതി അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നിഥിന്.
Discussion about this post