പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായി അപകടത്തിൽപ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെയെന്ന് വിവരം. രാത്രി മുഴുവൻ ചെളിയിലാണ്ട് കിടന്ന പലരും രാവിലത്തെ കനത്ത മഴയിൽ മണ്ണിനടിയിലേക്ക് പൂണ്ടുപോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
വാർത്താവിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതെന്നും അതുകൊണ്ടാണ് ഇത്രയേറെ മരണങ്ങൾ സംഭവിച്ചതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
പെട്ടിമുടിയിൽ പലരും പ്രാണന് വേണ്ടി പിടഞ്ഞത് മണിക്കൂറുകളെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞത്. ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈൽ ടവറുകൾ നിശ്ചലമായതിനാൽ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവർ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെയായിരുന്നു. അപകടത്തിലുണ്ടായ മുറിവുകളിലൂടെ രക്തം വാർന്ന് പലരും മണിക്കൂറുകൾ കഴിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. ഈ സമയമത്രയും രക്ഷിക്കാനായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മരിച്ചവരെല്ലാം.
Discussion about this post