കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഹാര്‍ഡ് വെയറുകളും മോഷ്ടിച്ച സംഭവത്തില്‍ ചാരപ്രവര്‍ത്തന സാധ്യത തള്ളി എന്‍ഐഎ. പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ നുണപരിശോധനയിലും ആവര്‍ത്തിച്ചതോടെയാണ് അന്വേഷണ സംഘം ഇത്തരത്തിലൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും.
വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മറ്റ് ഹാര്‍ഡ് വെയറുകളും മോഷ്ടിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ചാരപ്രവര്‍ത്തന സാധ്യത ഇതുവരെ കണ്ടെത്താനായിട്ടില്ല. പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത ബിഹാര്‍ സവ്‌ദേശി സുമിത് കുമാര്‍ സിങും രാജസ്ഥാന്‍ സ്വദേശി ദയാറാമും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം ഇവര്‍ രണ്ടാഴ്ച മുമ്പ് തൃശ്ശൂരിലെ ലബോറട്ടറിയില്‍ വെച്ച് നടത്തിയ നുണപരിശോധനയിലും ആവര്‍ത്തിച്ചു. ഇതോടെയാണ് കേസിലെ ചാരപ്രവര്‍ത്ത സാധ്യത എന്‍ഐഎ ഏറെക്കുറെ തള്ളിയിരിക്കുന്നത്.
നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്സ്, 5 സോളിഡ് സ്റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് മോഷണം പോയത്. കപ്പല്‍ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്ന ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളാണ് മോഷണക്കേസില്‍ പിടിയിലായത്. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. 2019 സെപ്റ്റംബറിലാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മോഷണം നടന്നത്.
Discussion about this post